കൗതുകവും ജിജ്ഞാസയും മൂലം കുട്ടികൾ പല വസ്തുക്കളും വായിലിടാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം വസ്തുക്കൾ ഇറങ്ങിപ്പോകാനും സാധ്യതയുണ്ട്. അതുപോലെ ഭക്ഷണ വസ്തുക്കളും പലപ്പോഴും കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ ശ്വാസനാളം അടഞ്ഞു പോയാൽ അത് വലിയ അപകടമാണ്. ഉടൻ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവാത്ത അവസ്ഥ വന്നു ചേരാം. ചിലപ്പോൾ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള സമയം പോലും ലഭിച്ചില്ലെന്നും വരാം. നാല് വയസിനു താഴെയുള്ള കുട്ടികളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ ശ്വസന നാളം തീരെ ചെറുതായതിനാൽ തീരെ ചെറിയ വസ്തുക്കൾ പോലും വലിയ അപകടം ഉണ്ടാക്കാം. കടല മണികൾ പോലും ഇത്തരത്തിൽ അപകടം വരുത്തി വയ്ക്കാം.
ഭക്ഷണമോ മറ്റ് വസ്തുക്കളൊ തൊണ്ടയിൽ കുടുങ്ങിയാൽ കുട്ടികളിൽ ചില ലക്ഷണങ്ങൾ കാണാനാകും. ശ്വാസം മുട്ടൽ, ശബ്ദം പുറത്തു വരാത്ത അവസ്ഥ, ശരീരത്തിൽ നീല നിറം എന്നിവ ഉണ്ടാകാം. അല്പ്പം വലിയ കുട്ടികൾ ആണെങ്കിൽ തൊണ്ടയിൽ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തു വരാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാകാം. ശ്വാസം മുട്ടൽ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമക്കാനോ കഴിയുന്ന അവസ്ഥയിലാണെങ്കിൽ ശ്വാസനാളം പൂർണമായും അടഞ്ഞുപോയിട്ടില്ല എന്നു മനസിലാക്കാം.
പ്രാണവായു ലഭിച്ചില്ലെങ്കിൽ മിനിറ്റുകൾ കൊണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വളരെ കുറച്ച് സമയം മാത്രമേ നമ്മുടെ മുൻപിൽ ഉള്ളൂ .തീരെ ചെറിയ കുഞ്ഞാണെങ്കിൽ കൈത്തണ്ടയിൽ കമഴ്ത്തിക്കിടത്തുക. തള്ളവിരലും ചൂണ്ടുവിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിലായിരിക്കണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ട് ഭാഗത്തായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പ്പം കീഴോട്ടായി പിടിക്കുക. രക്ഷാപ്രവർത്തനം നടത്തുന്നയാളുടെ കാൽ മുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്തിരിക്കുന്ന കൈയ്ക്ക് സപ്പോർട്ട് നൽ കാം.
കുമ്പിട്ടു നിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകൾക്കിടയിലായി വച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പലകൾക്കിടയിൽ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരേണ്ടതാണ്. വസ്തു പുറത്തേക്ക് വന്നില്ലെങ്കിൽ ഉടൻ നെഞ്ചിൽ മർദ്ദം നല്കണം. രണ്ട് വിരലുകൾ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിൽ 5 തവണ മർദ്ദം ഏല്പ്പിക്കണം. ചൂണ്ടുവിരലും നടുവിരലുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.പഴയതുപോലെ കുഞ്ഞിനെ കൈത്തണ്ടയിൽ കമഴ്ത്തിക്കിടത്തി പുറത്ത് ശക്തിയായി 5 തവണ ഇടിക്കുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തു പോകുന്നത് വരെയോ കുഞ്ഞിൽ ചോക്കിങ്ങ് ലക്ഷണം മാറി കരയുന്നതു വരെയോ അല്ലെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാകുന്നതു വരെയോ ഇത് തുടരണം.
ശുശ്രൂഷക്കിടയിൽ കുഞ്ഞിനു ബോധം നഷ്ടപ്പെട്ടാൽ സംഗതി കൂടുതൽ ഗുരുതരമാണെന്നറിയുക. അവിടെ ശുശ്രൂഷാ രീതി മാറ്റണം. എന്നതിനാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പായി അടിയന്തിര രക്ഷാപ്രവർത്തനം നടത്തണം. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കുഞ്ഞിനെ തറയിൽ മലർത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായിൽ എന്തെങ്കിലും വസ്തു കിടപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. ഒരിക്കലും തൊണ്ടയ്ക്കകത്തേക്ക് കൈകൾ ഇട്ട് സാധനങ്ങൾ എടുക്കുകയുമരുത്. തുടർന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേർത്തു വച്ച് ഒരു തവണ കൃത്രിമ ശ്വാസം നൽ കുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചിൽ ചലനമുണ്ടെങ്കിൽ 2 തവണ കൂടി ശ്വാസം നൽ കാം. നെഞ്ചിൽ ചലനമില്ലെങ്കിൽ വായ ഒന്നുകൂടി പരിശോധിച്ച് ഒരു ശ്വാസം കൂടി നൽ കുക. ഉടൻ തന്നെ നെഞ്ചിൽ മർദ്ദം ഏല്പ്പിച്ച് പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. മർദ്ദം ഏൽ പ്പിക്കുമ്പോൾ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴണം. ഒരു മിനിറ്റിൽ 100 എന്ന രീതിയിൽ വേണം ഇതു ചെയ്യ്യാൻ. 30 തവണ നെഞ്ചിൽ മർദ്ദം നൽ കുമ്പോൾ2 തവണ കൃത്രിമ ശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം.
4 വയസിനു മുകളിലുള്ള കുട്ടിയാണെങ്കിൽ കയ്യിൽ കിടത്തി പ്രഥമ ശുശ്രൂഷ നൽ കാനാവില്ല.മുതിർന്നവരിൽ ചെയ്യുന്നതു പോലെ പിറകിൽ നിന്ന് നെഞ്ചിനും വയറിനുമിടയിൽ മർദ്ദം ഏൽ പ്പിക്കാനുമാവില്ല. പ്രഥമ ശുശ്രൂഷ നൽ കുന്നയാൾ ഒരു മുട്ടുകുത്തിയിരിക്കുക. മറ്റേകാലിൽ കുട്ടിയെ ഇരുത്തി മുതിർന്നവരിൽ ചെയ്യുന്നതു പോലെ നെഞ്ചിനും വയറിനുമിടയിൽ മർദ്ദം ഏല്പ്പിക്കുക. ഒരു മുഷ്ടി ചുരുട്ടി വയറ്റത്ത് നെഞ്ചിനും പൊക്കിലിനും ഇടയിലായി വയ്ക്കുക. മറ്റേ കൈ ചുരുട്ടിയ കയ്യുടെ മേലെ വയ്ക്കുക. തുടർന്ന് നെഞ്ചിനും പൊക്കിളിനും മധ്യേയായി മുഷ്ടി കൊണ്ട് മുന്നോട്ടും പിറകോട്ടും തോണി തുഴയുന്നതു പോലെ ശക്തിയായി മർദ്ദം ഏൽ പ്പിക്കുക. ഇങ്ങനെ ഏൽ പ്പിക്കുന്ന മർദ്ദം മൂലം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരും. ഇതിനിടയിൽ കുട്ടിക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥ വന്നാൽ നെഞ്ചിൽ മർദ്ദം കൊടുത്തും കൃത്രിമ ശ്വാസോഛ്വാസം നൽ കിയും പുനരുജ്ജീവന ചികിത്സ ഉടൻ തന്നെ ആരംഭിക്കുക. എത്രയും പെട്ടന്ന് വൈദ്യ സഹായവും ലഭ്യമാക്കുക.
0 comments:
Post a Comment