കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാര്‍ക്ക് വേണ്ടിയും ഈ അനുഭവം ഞാന്‍ പങ്കുവെക്കുന്നു. 2017 സെപ്റ്റംബര്‍ 19 വൈകിട്ട് 6 മണിയായിട്ടുണ്ടാകും. ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛന്‍ കടന്നു വന്നു. ''ചുമയും പനിയുമാണ്. 2 ദിവസമായി.
പനി കുറവുണ്ട്.ചുമയാണു മോളെ കുറയാത്തത്ത്'' ഒറ്റക്കായിരുന്നു. കൂടെ ആരുമില്ല. മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ''നല്ല കഫകെട്ടുണ്ട്.സാരമില്ല. 5 ദിവസം ഗുളിക കഴിക്കുക.2 ദിവസം കഴിഞ്ഞു പനി മാറിയില്ലെങ്കില്‍ നമുക്കു രക്തം നോക്കാം.'' ഞാന്‍ പറഞ്ഞു. ''ഒറ്റക്കാണ് മോളെ. കഴിഞ്ഞ ദിവസം കുറച്ചു മഴ കൊണ്ടു. അതാകും'' കണ്ണടയ്ക്കിടയിലൂടെ ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. ''മക്കളില്ലേ കൂടെ''? '3 മക്കളുണ്ട്.മൂത്തവര്‍ രണ്ടും പെണ്മക്കളാണ്.
അവരെ കെട്ടിച്ചു വിട്ടു.ഓണത്തിനും ക്രിസ്തുമസിനുമൊക്കെ വല്ലപ്പോഴും അവര്‍ വന്നാലായി.ഒരു മകനുള്ളത് ജോലിയ്ക്കായി പുറത്താണ്.5 വര്‍ഷമായി അവനു പെണ്ണാലോചിക്കുന്നു.ഒന്നും ശേരിയാകുന്നില്ല.'' അദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി പറയാതിരുന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി മരിച്ചു പോയിട്ടുണ്ടാകുമെന്ന്. ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ഞാന്‍ മടിച്ചു. ''മകന്റെ കല്യാണം ഒക്കെ നടക്കും.
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ'' ഞാന്‍ പറഞ്ഞു. അനുഭവത്തിന്റെ നിഴലില്‍ ജീവിതത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ചു. ''എല്ലാവര്‍ക്കും അതെ പറയുവാനുള്ളൂ മോളെ. സമയം വരുമെന്ന്. പക്ഷെ ഇതുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ ആ നല്ല സമയം കണ്ടിട്ടില്ല.'' പുറത്ത് നല്ല മഴയാണ്.6.30 യായി.എനിക്ക് പോകാന്‍ സമയമായി.
പക്ഷെ അദ്ദേഹത്തിന്റെ ആശ്വാസം കണ്ടപ്പോള്‍ ഞാന്‍ കേട്ടുകൊണ്ടേയിരുന്നു. ''എന്തു പറ്റി അപ്പച്ചാ?'' ''ഞങ്ങള്‍ ഇവിടെ വന്നിട്ടു കുറച്ചു വര്‍ഷമായിട്ടുള്ളൂ. സ്ഥലം വിറ്റതു നഷ്ട്ടക്കച്ചവടമായി.ചതി പറ്റിപ്പോയി. പ്രതീക്ഷിച്ച വില കിട്ടിയില്ല. അതോടെ എന്റെ ഭാര്യ തകര്‍ന്നു പോയി. അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കി.ഞാന്‍ എന്റെ ദേഷ്യവും സങ്കടവും പുറത്തു കാണിച്ചു.
അവള്‍ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുകി.അതുകൊണ്ടു തന്നെ അവളില്‍ മാനസികമായി ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കൂടാതെ പ്രമേഹവും .അവള്‍ വല്ലപ്പോഴും ഒറ്റയ്ക്കു ആശുപത്രിയില്‍ പോയി കാണിക്കും, ഗുളിക വാങ്ങും, തന്നെ എപ്പോഴെങ്കിലും ഗുളിക കഴിക്കും.ചിലപ്പോള്‍ ശ്രധിക്കില്ല. ഞാനും അവളുടെ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ല.
എന്റെ കയ്യിലും തെറ്റുണ്ട്.മക്കളെ കെട്ടിച്ചു വിടാനുള്ള പ്രാരാബ്ദവും ഒക്കെയായി അവളെ ഞാനും ശ്രദ്ധിച്ചില്ല..'' വര്‍ഷങ്ങള്‍ കടന്നു പോയി. കളിയും ചിരിയും നിലച്ച ഒരു കളിവീട് പോലെയായി ഞങ്ങളുടെ വീട്. അവളുടെ കാലില്‍ നീര് കൂടിവന്നതു ഞാന്‍ ശ്രദ്ധിച്ചില്ല.അവള്‍ പറഞ്ഞതുമില്ല.
വേദന സഹിക്കാന്‍ വയ്യാതെ അവള്‍ ഒരു ദിവസം എന്നോടതു പറഞ്ഞു. പിറ്റേന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. പക്ഷെ വളരെ വൈകിപ്പോയിരുന്നു. ''സമയത്തു ഭക്ഷണം കഴിക്കാതെയും,ഗുളിക കാഴിക്കാതെയും,പ്രമേഹം കൂടി അവളുടെ കിഡ്‌നി തകരാറിലായി. അവള്‍ എല്ലാമുള്ളിലൊതുക്കി സ്വയം ജീവിക്കാന്‍ മറന്നുപോയി.
മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന തിരക്കില്‍ അവള്‍ അവളുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. അവസാനം കിടപ്പിലായിരുന്നു. കുറെ നാള്‍ കഴിഞ്ഞു മരിച്ചു. എന്നെ തനിച്ചാക്കി അവള്‍ പോയി.'' 3 മക്കളുണ്ടെങ്കിലും ഞാന്‍ ആ വീട്ടിലിന്നു തനിച്ചാണ്. ''വിഷമിക്കണ്ട. ഇന്ന് എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ.
എത്ര മക്കളുണ്ടെങ്കിലും മിക്ക വീടുകളിക്കും അച്ഛനമ്മമാര്‍ തനിച്ചാണ്. മക്കളും ജീവിക്കാന്‍ ഉള്ള നെട്ടോട്ടത്തില്‍ ദൂരെ ദേശങ്ങളില്‍. ' ഞാന്‍ പറഞ്ഞു. ഒരു നെടുവീര്‍പ്പിനൊപ്പം ഒരിറ്റു കണ്ണീരും ആ കണ്ണുകളില്‍ നിന്നും ആശ്വാസസൂചകമായി ഒഴുകി. മഴയും ശമിച്ചു. മരുന്നും വാങ്ങി ആ അച്ഛന്‍ വീട്ടിലേക്ക് യാത്രയായി.
(N.B.. സ്ത്രീകള്‍ പലപ്പോഴും എല്ലാം ഉള്ളിലൊതുക്കി നീറി പുകയുന്നു. തുറന്നു പറയുക ആരോടെങ്കിലും. ഒരിക്കലും ആ അമ്മയുടെ അവസ്ഥ ആര്‍ക്കും ഉണ്ടാകാതെ ഇരിക്കട്ടെ.കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാര്‍ക്ക് വേണ്ടിയും ഈ അനുഭവം ഞാന്‍ പങ്കുവെക്കുന്നു.) കടപ്പാട് : ഡോക്ടര്‍ ഷിനു ശ്യാമളന്‍
0 comments:
Post a Comment