ഒരു പ്രവാസി നേഴ്‌സിന്റെ ജീവിത കുറിപ്പ് ...!കുറച്ചു നീളം കൂടുതലാ എന്നാലും വായികാതെ പോകരുത് ...
വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പുറത്ത് മഴ ഇപ്പോഴും പെയ്തുകൊണ്ടിരിക്കുകയാണ്. കാറ്റില്‍ മഴത്തുള്ളികള്‍ വിമാനത്തിന്റെ ജനല്‍ച്ചില്ലില്‍ തട്ടി താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥ അനുകൂലമാല്ലാത്തത് കൊണ്ട് വിമാനം പുറപ്പെടാന്‍ കുറച്ചു കൂടി വൈകും എന്ന് അറിയിപ്പ് വന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ഇത് പോലെ ഒരു വിമാനത്തില്‍ പറക്കുമ്പോള്‍ ഗള്‍ഫിലുള്ള ഒരു ആതുരാലയത്തിന്റെ നേഴ്‌സ് വിസ എന്റെ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തിരുന്നു. പരിചയമില്ലാത്ത നാടും, പുതിയ ചുറ്റുപാടും. ഒത്തുപോവാന്‍ വളരെ പ്രയാസപ്പെട്ടെങ്കിലും ഒന്നും തന്റെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. തന്നെ പഠിപ്പിക്കാന്‍ വേണ്ടി വാപ്പയുണ്ടാക്കിയ കടങ്ങളും അനിയത്തിയുടെ പഠനവും എങ്ങനെയെങ്കിലും അവിടെ പിടിച്ചു നില്‍ക്കണമെന്നുള്ള ബോധം എനിക്ക് നല്കി .
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യത്തെ അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ കടങ്ങളില്‍ നിന്ന് മുക്തനായ വാപ്പയും ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച അനിയത്തിയും സംതൃപ്തിയും സന്തോഷവും എന്റെ മനസ്സില്‍ വിരിയിച്ചു. അനിയത്തിയോട് ഇഷ്ടമുള്ള വിഷയം ഇഷ്ട കോളേജില്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കി തിരികെ വരുമ്പോള്‍ എത്ര ഫീസ് ആയാലും തന്റെ അടുത്ത ലക്ഷ്യം അവളുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുക എന്നതായിരുന്നു.
പിന്നീട് രണ്ട് വര്‍ഷത്തിനു ശേഷം ഒരു വട്ടം കൂടി നാട്ടില്‍ വന്നു. ഇതിനിടയില്‍ ഒരിക്കലും വിവാഹത്തെ കുറിച്ചുള്ള ഒരു ചിന്തയും എന്റെ മനസ്സില്‍ കടന്നു വന്നില്ല. വീട്ടുകാരും എന്നോട് അതേകുറിച്ച് ചോദിച്ചില്ല. ക്ഷേമങ്ങളും ഐശ്വര്യങ്ങളും വീട്ടില്‍ എത്തി നോക്കുന്നതായ സൂചനകള്‍ നല്‍കിയപ്പോള്‍ അടുത്ത അവധിയോട് കൂടി തന്റെ ഉദ്യമം അവസാനിപ്പിക്കാമെന്ന് മനസ്സില്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു വിവാഹജീവിതത്തെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി. ഭര്‍ത്താവ് , കുടുംബം, കുട്ടികള്‍, ഇല്ല ഇനി നാട്ടില്‍ പോയാല്‍ ഒരു തിരിച്ചു വരവില്ല. ചിലവ് ചുരുക്കി ഓരോ മാസവും അല്പം തുക മിച്ചം വെക്കാന്‍ തുടങ്ങി.
തന്റെ വിവാഹം വാപ്പയെ വീണ്ടും ഒരു കടക്കാരന്‍ ആക്കി മാറ്റരുത് എന്ന നിശ്ചയത്തോടെ മിച്ചം വെച്ച തുക കൊണ്ട് കുറച്ചു സ്വര്ണാനഭരണങ്ങള്‍ വാങ്ങി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു അപ്പോള്‍. അങ്ങനെ ഇനിയൊരു തിരിച്ചു വരവില്ല എന്നുറപ്പിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടിലേക്കു വിമാനം കേറി. ഒരുപാട് പ്രതീക്ഷകളുമായി നാട്ടിലെത്തി.വളരെ സന്തോഷകരമായ ദിവസങ്ങള്‍. വീട്ടില്‍ വിവാഹ ദല്ലാളുമാര്‍ വന്നു പോകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഒടുവില്‍ കൂട്ടത്തില്‍ പറ്റിയ ഒരാള്‍ നാളെ വരുമെന്നും മോളോട് ഒരുങ്ങി നില്‍ക്കാന്‍ പറയണമെന്ന് വാപ്പ ഉമ്മയോട് പറഞ്ഞപ്പോള്‍ ആദ്യമായി തന്റെ വിരല്‍ തുമ്പില്‍ നിന്ന് ഒരു വിറ അനുഭവപ്പെടുന്നതായി തോന്നി. രാവിലെ കുളിച്ചൊരുങ്ങി വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ പുറത്ത് നിന്നും സംസാരം കേട്ടു. ആരൊക്കയോ വന്നിട്ടുണ്ട്. വേഗം വസ്ത്രം മാറി അടുക്കളയില്‍ എത്തി. ഇതാ മോളെ ഇതവര്‍ക്ക് കൊണ്ട് പോയി കൊടുക്ക് എന്ന് പറഞ്ഞു കൊണ്ട് ഉമ്മ ചായ അനിയത്തിയുടെ കയ്യില്‍ കൊടുത്തു. ഒരു നിമിഷത്തേക്ക് ഹൃദയം നിലച്ചതുപോലെ തോന്നി. ശരീരമാകെ തളരുന്ന പോലെ. വീഴാതിരിക്കാന്‍ ഞാന്‍ ചുമരിലേക്ക് ചാരിനിന്നു. വാപ്പ ഉമ്മയോട് ഒരുക്കി നിര്‍ത്താന്‍ പറഞ്ഞത് തന്നെയല്ല തന്റെ അനിയത്തിയെ ആണെന്ന് അവളുടെ മുഖത്തെ നാണം എന്നെ ബോധ്യപ്പെടുത്തി.
രാത്രി എല്ലാരും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ വാപ്പ എന്നെ നോക്കി പറഞ്ഞു. നല്ല ബന്ധമാണ് എത്രയും പെട്ടന്ന് കല്യാണം നടത്തണം എന്നാണു അവര്‍ പറയുന്നത്. അതുകൊണ്ട് നീ തിരിച്ചു പോവുന്നതിനു മുന്പ് തന്നെ നമുക്ക് കല്യാണം നടത്താം. ഒരുപാട് കാലയമായില്ലേ നീ ഞങ്ങള്ക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഇതും കൂടെ കഴിഞ്ഞാല്‍ നിന്റെ ഉത്തരവാദിത്തം തീര്‍ന്നല്ലോ . ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. ഉത്തരവാദിത്തങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനു മുന്‍പ് സ്വന്തം ഭാവിയെ കുറിച്ച് ഞാന്‍ സ്വപ്നങ്ങള്‍ നെയ്യാന്‍ പാടില്ലായിരുന്നു. അവരെ സംബധിച്ചിടത്തോളം സ്വന്തം കാലില്‍ നില്ക്കുന്ന ഗള്‍ഫ്കാരിയായ മകള്‍ എല്ലാം തികഞ്ഞ ഭാഗ്യവതി.
പെട്ടിയില്‍ വസ്ത്രങ്ങള്‍ അടുക്കി വെച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക് ഉമ്മ എത്തി. ''മോള്‍ക്ക് കല്യാണം കഴിഞ്ഞിട്ടു തിരിച്ചു പോയാല്‍ പോരെ? ഈ വീട്ടില്‍ ആദ്യമായി ഒരു കല്യാണം നടക്കുകയല്ലേ''. ''പറ്റില്ല ഉമ്മാ എനിക്ക് നാളെ തന്നെ പോണം. അല്ലെങ്കില്‍ എന്റെ ജോലി നഷ്ടപ്പെടും''. ഞാന്‍ ഉമ്മയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഉമ്മയുടെ മുഖം കുനിഞ്ഞിരുന്നു ഈ വീട്ടില്‍ ആദ്യം നടക്കേണ്ടിയിരുന്നത് മൂത്ത മകളായ തന്റെ കല്യാണമായിരുന്നു എന്ന് ഉമ്മക്കും ബോധ്യമുണ്ടായിരുന്നിരിക്കണം. . അനുവാദമില്ലാതെ കണ്ണില്‍ നിന്ന് പുറപ്പെട്ട വെള്ളതുള്ളികളെ ഞാന്‍ തട്ടം കൊണ്ട് ഒപ്പിയെടുത്തു. നിധിപോലെ ഞാന്‍ കാത്ത് സൂക്ഷിച്ച ആ സ്വര്‍ണാഭരണങ്ങള്‍ ഉമ്മയുടെ നേരെ നീട്ടി. ഇതാ ഉമ്മാ ഇത് ഞാന്‍ അവള്ക്ക് വേണ്ടി കൊണ്ടുവന്നതാ. ഉമ്മ അത് കൈ നീട്ടി വാങ്ങിയപ്പോള്‍ ചങ്ക് തകര്‍ന്നു പോയി. വീഴുമെന്നായപ്പോള്‍ ഞാന്‍ കട്ടിലില്‍ ഇരുന്നു . ഉമ്മാക്ക് എന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ മുഖമുയര്‍ത്താത്തതുകൊണ്ട് ഉമ്മ മുറിയില്‍ നിന്നും ഇറങ്ങി.
*സീറ്റില്‍ വന്നിരുന്ന ഒരു സ്ത്രീയുടെയും കുട്ടിയുടെയും സംഭാഷണമാണ് എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് ''കരയല്ലടാ മോനെ കുറച്ച് കഴിയുമ്പോള്‍ നമുക്ക് വാപ്പയെ കാണാമല്ലോ'' നീണ്ട കാലത്തിനു ശേഷം ഒരുപാട് സ്വപ്നങ്ങളുമായി തന്റെ ഭര്ത്താവിനെ കാണാന്‍ ഗള്‍ഫിലേക്ക് പോവുകയാണ് ആ സ്ത്രീ. പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. വിമാനം മെല്ലെ നീങ്ങി തുടങ്ങി ക്രമേണ വേഗത കൂടി നിലം വിട്ടു ആകാശത്തിലേക്ക് പൊങ്ങി. താഴെ മരങ്ങളും വീടുകളും ചെറുതായി വന്നു. റോഡുകളും പുഴകളും നേര്‍ത്ത രേഖകള്‍ ആയി മാറി. ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട തന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ മണ്ണിട്ട് മൂടിയെന്നോണം താഴത്തെ കാഴ്ചകള്‍ മെല്ലെ മേഘത്തിനടിയില്‍ മറഞ്ഞു. അടുത്ത അവധിക്കാലത്ത് വീണ്ടും തന്റെ സ്വപ്നങ്ങള്ക്ക് ചിറകുകള്‍ മുളക്കുമെന്ന പ്രതീക്ഷയോടെ ഞാന്‍ പതിയെ കണ്ണുകള്‍ അടച്ചു.
കടപ്പാട് : എഴുതിയ ആള്‍ക്ക്
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete