ഒടുവില്‍ സോണിയാ ഗാന്ധി പറഞ്ഞു; പാര്‍ട്ടിയെ ഇനി 'പപ്പുമോന്‍' നയിക്കും; രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് ദീപാവലിക്ക് ശേഷം - രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന വാര്‍ത്തയ്ക്ക് കൈരളി പീപ്പിള്‍ ടി വി കൊടുത്ത തലക്കെട്ടാണ് ഇത്. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് ആദ്യമായി വിളിക്കുന്നത് കൈരളി പീപ്പിളല്ല. പക്ഷേ കൈരളിക്ക് ഓണ്‍ലൈന്‍ നിറയെ പൊങ്കാലയാണ്. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ട് ആകാന്‍ പോകുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഇന്നത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്. ആ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡണ്ടാകുന്നു എന്ന വാര്‍ത്തയില്‍ പപ്പുമോന്‍ കയറി വരേണ്ട കാര്യം എന്താണ്. അത് മാത്രമല്ല. പപ്പുമോന്‍ പ്രസിഡണ്ടാകും എന്ന് സോണിയാ ഗാന്ധി പറഞ്ഞു എന്നേ തോന്നൂ തലക്കെട്ട് കണ്ടാല്‍. പൊങ്കാലയ്ക്ക് കാരണവും ഇത് തന്നെ.
രാഷ്ട്രീയമായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാം, വിമര്‍ശിക്കണം. അല്ലാതെ ഇത്തരം എരപ്പത്തരം കാട്ടലല്ല ഒരു ജനതയുടെ ആത്മാവിഷ്‌കാരം - സോഷ്യല്‍ മീഡിയയില്‍ കൈരളിക്കെതിരെ ഉയരുന്ന പ്രതികരണങ്ങളില്‍ ഒന്നാണ് ഇത്. എതിര്‍പ്പുകള്‍ ശക്തമായതോടെ കൈരളി തലക്കെട്ട് തിരുത്തി പപ്പുമോനെ ഒഴിവാക്കി. എന്നാലും സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സുലഭം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് ഇപ്പോഴത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി പ്രഖ്യാപിച്ച വാര്‍ത്ത ജനം ടി വിയും കൈരളി ടി വിയും കൊടുത്തതും ആളുകള്‍ താരതമ്യം ചെയ്യുന്നുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും എന്ന മാന്യമായ തലക്കെട്ടാണ് ജനം ടി വി നല്‍കിയത്.
മുമ്പ് സി.പി.എം കാര്‍ പഠിച്ചിരുന്നത് ഇ.എം.എസില്‍ നിന്നാണ്. ഇപ്പോള്‍ അവര്‍ പഠിക്കുന്നത് സംഘ പരിവാറില്‍ നിന്നാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി എന്ന് പറയാന്‍ അറിയാത്തത്. അങ്ങ് ക്ഷമിച്ചേക്ക്. - കൈരളിയുടെ തലക്കെട്ടിനെപ്പറ്റി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ പി ഭാസ്‌കറിന്റെ പ്രതികരണം ഇങ്ങനെയാണ്. മഞ്ഞ പത്രം ആകുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും. ലീവ് ഇറ്റ്. ഈ വെബ്ബ് ഡസ്‌കില്‍ ഇരിക്കുന്ന ഊളയുണ്ടല്ലോ അവനെ തൂമ്പാപ്പണിക്ക് വിടണം. കൈരളി ഓണ്‍ലൈന്‍ മക്കളുടെ മുമ്പില്‍ തുറക്കാറില്ല. മഞ്ഞപ്പത്ര രീതിയാണ് അവരുടേത്. മുമ്പും പല പരാതികളും ഉണ്ടായിട്ടുണ്ട്. അശ്ലീല തലക്കെട്ടാണ് അവര്‍ക്കിഷ്ടം - ഇങ്ങനെ പോകുന്നു കൈരളിയെ കുറ്റം പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍.
രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു പ്രവര്‍ത്തക സമിതിയും പ്രമേയം പാസാക്കിയിരുന്നു. ഒക്ടോബര്‍ 25 നകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്നാണ് സൂചന. സോണിയ സ്ഥാനമൊഴിയുന്നതോടെ പുതിയ അധ്യക്ഷന്റെ നേതൃത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
0 comments:
Post a Comment