ഞാന്‍ അനിത.
കറുത്ത് മെലിഞ്ഞ് ഒരു ഉണക്ക കൊള്ളി ! മനസ്സു പോലും ചുക്കിചുളിഞ്ഞ് ഒരു പാഴ്ജന്മം! കണ്ടിട്ടുണ്ടാവും നിങ്ങളെന്നെ.. .ഒരു പേപ്പറെടുത്ത് ആദ്യം ഒരു വര വരക്കുക.. അതിനു മുകളില്‍ ഒരു വട്ടം വരച്ചു ഇരു വശത്തേക്കുമായി നാലു വരകള്‍ ഇട്ടാല്‍ ഞാനായി. അല്ലെങ്കില്‍ ടി വി ചാനലുകളിലെ കോമഡി ഷോ യില്‍ പെണ്ണുകാണല്‍ ആണെങ്കില്‍ എന്നെ പോലെ ഒരുത്തിയേയാവും അവര്‍ കാട്ടുക! എന്നിട്ട് നിങ്ങള്‍ക്കൊക്കെ ആര്‍ത്ത് ചിരിക്കാം...! കരിങ്കുരിശിന് തുണി ചുറ്റിയ പോലെ... അല്ലെങ്കില്‍ തേങ്ങപ്പൂളു കൊത്തിയ കാക്ക എന്നോ ഒക്കെ പറഞ്ഞ്.... കേട്ടു കേട്ടു തഴമ്പിച്ചു എനിക്ക് ഇപ്പോള്‍ സങ്കടമില്ലാതായിരിക്കുന്നു. ഈ രൂപം മാറ്റാന്‍ എന്നെ കൊണ്ടാവില്ലല്ലോ!
ചെറുപ്പത്തില്‍ എനിക്കിങ്ങനെ കളിയാക്കല്‍ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടായിരുന്നു. കളിയാക്കുന്നവരുമായി ഞാന്‍ നന്നായി തല്ലു കൂടി കരയുകയും ചെയ്യും. വീട്ടില്‍ ചെന്നു പറയുമ്പോള്‍ അച്ചന്‍ കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കും. ഞാന്‍ അച്ഛനെ പ്പോലെ തന്നെയാണത്രെ ! അന്ന് തന്നെ നോക്കുമ്പോള്‍ അച്ഛന്റെ കണ്ണെന്തിനാ നിറഞ്ഞിരുന്നതെന്ന് വലുതായപ്പോഴാണ് മനസ്സിലായത്. രണ്ട് അനിയത്തിമാരുടേം കല്യാണം കഴിഞ്ഞ് പോയിട്ടും ആര്‍ക്കും ഇഷ്ട്ടപ്പെടാതെ താന്‍ വീട്ടില്‍ നിന്നു. ഇപ്പോള്‍ മുപ്പത്തിരണ്ട് വയസ്സ്. ഇളയ അനിയത്തിയും ഭര്‍ത്താവും കുട്ടികളോടൊപ്പം ഇപ്പോള്‍ അമ്മക്ക് കൂടെ വീട്ടിലുണ്ട്.
താന്‍ ഇങ്ങു ദൂരെ ഈ ചെറിയ നഗരത്തിലെ ഒരു തുണിമില്ലില്‍ ജോലി ചെയ്യുന്നു.. താമസം അവരുടെ തന്നെ ഹോസ്റ്റലില്‍ ! അമ്മയെ കാണാന്‍ വീട്ടിലേക്ക് പോകേണ്ട കാര്യമില്ല. ശമ്പളം കിട്ടുന്നതിന്റെ പിറ്റേന്നാള്‍ തന്നെ അമ്മയെത്തും. വീട്ടില്‍ ഒരു പാട് ചിലവുണ്ട് ! തനിക്കെന്താണ് ചിലവ്. ഒരു അണിഞ്ഞൊരുങ്ങലിന്റെ പോലും ആവശ്യമില്ലാത്തവള്‍ ! കൗമാരത്തില്‍ പോലും മോഹങ്ങളുടെ ഒരു മുഖക്കുരു പോലും മുളക്കാത്തവള്‍.. പുതിയ പ്രൊഫൈല്‍ പിക്കിലെ ലൈക്കുകളില്‍.. കമന്റുകളില്‍ മുഴുകി നിങ്ങള്‍ ഇരിക്കുമ്പോള്‍ ഒരു സുഹൃത്ത് പോലുമില്ലാത്ത മുഖപുസ്തകക്കാരി ! നിങ്ങളുടെയൊക്കെ കഥകള്‍ വായിക്കാന്‍ വേണ്ടി മാത്രം ഇവിടെയുള്ളവള്‍.
''അനിതേ.... ദേ നിന്നെ ക്കാണാന്‍ ആരോ താഴെ വന്നിരിക്കുന്നു''
ദൈവമേ... എന്നെക്കാണാനോ ? ആര് ? ആളു മാറീതാവും ! അതോ.....? ഉള്ളൊന്നു പിടഞ്ഞു ! ആരോടും പറയാതെ ഒരാഴ്ചയായി ഉള്ളില്‍ കൊണ്ടു നടന്ന ആ സംഭവം ആരെങ്കിലും അറിഞ്ഞു കാണുമോ ? നെഞ്ചിടിപ്പോടെയാണ് ഞാന്‍ ആ പടികള്‍ ഇറങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു അത്. അന്ന് ജോലി കഴിഞ്ഞ് വന്ന് കുളിച്ച് പതിവു പോലെ അമ്പലത്തില്‍ പോയതായിരുന്നു. തിരിച്ചു വരുന്ന വഴി പാലത്തിനടുത്തെത്താറായപ്പോഴാണ് ഒരു കരച്ചില്‍. പാലത്തിനു താഴേ പുഴക്കടുത്ത് നിന്ന് രണ്ടു മൂന്നു ഇളം നീല ഷര്‍ട്ടിട്ട കുട്ടികള്‍ ആണ് കരയുന്നത്. ആളുകള്‍ ഓടിക്കൂടാന്‍ തുടങ്ങി. പുഴയിലേക്ക് ചൂണ്ടിയാണ് അവരുടെ കരച്ചില്‍ . ട്യൂഷന്‍ കഴിഞ്ഞു വരുന്ന വഴി പുഴക്കരികെ നിന്ന് കളിക്കുമ്പോള്‍ ഒരുകൂട്ടുകാരന്‍ വെളത്തില്‍ പോയത്രേ !
''നല്ല ഒഴുക്ക് ഉണ്ട്.. '
' ഇനി കിട്ടാന്‍ വഴീല്ല...'
ഒരു ഞെട്ടലോടെയാണ് ആ പറച്ചിലുകള്‍ കേട്ടത്..
പെട്ടെന്ന് ദേ എന്ന് കൈ ചൂണ്ടി ഒരുവന്‍ മൊബൈലു എടുത്തു.
ദൈവമേ..... രക്ഷപ്പെടുത്താനുള്ള കെഞ്ചലുമായി ഒരു കുഞ്ഞു പ്രാണന്റെ കൈ !
മൊബൈലില്‍ കാഴ്ച പകര്‍ത്തുന്ന ആര്‍ക്കും നീന്തലറിയില്ലെന്ന് ! നിസ്സഹായരായ ആ കുഞ്ഞു കൂട്ടുകാരുടെ കരച്ചില്‍ ഉച്ചത്തിലായി. ആ ശക്തമായ ഒഴുക്കില്‍ ആ കൈകള്‍ താഴേക്ക് നീങ്ങുകയാണ്.. തീരത്തു കൂടെ അവനെ നോക്കി ഞാനറിയാതെ ആദ്യം വേഗം നടന്നു... ഓടി.. പിന്നെ പുഴയിലേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. പണ്ട് അച്ഛന്‍ പഠിപ്പിച്ചതാണ് നീന്തല്‍. ഈ ഒഴുക്കില്‍ തന്റെ ജീവന്‍ കൂടി അപകടത്തിലാവുമോ ? എന്റെ ഈ പാഴ്ജന്മം അങ്ങിനെ ആര്‍ക്കെങ്ങിലും വേണ്ടി തീരുന്നെങ്കില്‍ തീരട്ടെ !
അത്ര മുങ്ങി നീന്തിയീട്ടും ആദ്യം അവനെ കണ്ടില്ല. ഒന്നു കൂടി ഉയര്‍ന്നു വന്നു അവനെവിടെന്നു നോക്കി.. ഷര്‍ട്ടിന്റെ ഒരു ചെറിയ നീല നിറം കണ്ടതു പോലെ തോന്നി. പിന്നേയും മുങ്ങി നീന്തി.. ഭാഗ്യം. അവന്‍ തന്നെ. ഷര്‍ട്ടിന്റെ കോളറിലാണ് പിടി കിട്ടിയത്. വലിച്ചുയര്‍ത്തി ആദ്യം മുകളിലേക്ക്. പിന്നെ കരയിലെത്തി അവനെ കിടത്തുമ്പോള്‍ ബോധം പോയിരിക്കുന്നുവെന്ന് ഞെട്ടലോടെ അറിഞ്ഞു. തല ഉയര്‍ത്തി നോക്കുമ്പോള്‍ ആളുകള്‍ മൊബൈലുകളുമായി ഓടിയടുക്കുകയാണ്. ആ കുട്ടിയേക്കാള്‍ അവര്‍ക്ക് കാണേണ്ടത് നനഞ്ഞൊട്ടിയ ഒരു പെണ്ണിന്റെ ശരീരമാണ്. കാണാന്‍ കൗതുകമുള്ള ഒന്നും ഈ ശരീരത്തിലില്ലെന്ന് അറിയുമ്പോള്‍ അവര്‍ നിരാശരാവും.
അവര്‍ എത്തുന്നതിനു മുന്‍പ് രക്ഷപെടേണ്ടിയിരിക്കുന്നു. ഞാന്‍ വേഗം അവന്റെ വയറില്‍ അമര്‍ത്തി വെള്ളം കളയാന്‍ തുടങ്ങി. ഭാഗ്യം... അവനു ബോധം വീണു.
''അമ്മേ... '
'അമ്മേ... '
എന്റെ കണ്ണുകളിലേക്ക് നോക്കി ആ കുഞ്ഞു ചുണ്ടുകള്‍ ആദ്യം ഉരുവിട്ടത് അമ്മയെന്നാണ്. സന്തോഷമായി എനിക്ക്. പക്ഷേ നില്ക്കാന്‍ സമയമില്ല . ആളുകള്‍ അടുത്തെത്താറായിരിക്കുന്നു. ആ മൊബൈല്‍ കണ്ണുകളില്‍ നിന്ന് നനഞ്ഞൊട്ടിയ എന്റെ കോലം മറച്ചു പിടിക്കാന്‍ ആ പുഴക്കരയിലൂടെ.. ആ കാട്ടിലുടെ... മുള്ളുകള്‍ക്കിടയിലൂടെ ഞാന്‍ ഓടി. പുഴയുടെ ഈ കരയില്‍ കുറച്ച് ദൂരം മാത്രമേ ഹോസ്റ്റലിലേക്കുള്ളൂ. ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയില്ലെന്ന ആശ്വാസത്തോടെ ഞാന്‍ ഹോസ്റ്റലിന്റെ പുറകുവശത്തൂടെ അകത്തു കയറി. ഭാഗ്യത്തിനു ഇവിടെയും ആരും കണ്ടില്ല. ആരോടും പറഞ്ഞുമില്ല.
ഗസ്റ്റ് റൂമിലേക്ക് കയറുന്നതിനു മുമ്പു തന്നെ ഞാന്‍ ആകാംഷയോടെ അകത്തേക്കെത്തി നോക്കി.
ദൈവമേ... ആ കുഞ്ഞു തന്നെ ! കൂടെ അച്ഛനെന്നു തോന്നുന്നു ഒരാള്‍ കൂടിയുണ്ട്. ഒരു നിമിഷം എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാന്‍ നിന്നു പോയി.
'' അകത്തേക്കു വരൂ.. '
റൂമിലേക്ക് കയറാന്‍ മടിച്ച് നിന്ന എന്നോട് ആ കൂടെ വന്നയാള്‍ ആണ്.
''പേടിക്കണ്ട... ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.. പിന്നെ ഇവനൊരേ നിര്‍ബന്ധം അമ്മയെ കാണണമെന്ന് !''
അയാള്‍ അവസാനം പറഞ്ഞതു കേട്ട് ഞാനൊന്നു ഞെട്ടി. അമ്മയോ.... ആരുടെ ?..
ഞാന്‍ ആ കുഞ്ഞിന്റെ മുഖത്തേക്കു നോക്കി. നാണത്തിന്റേയും കൗതുകത്തിന്റേയും ഒരു പുഞ്ചിരിയോടെ എന്നെ തന്നെ ഉറ്റു നോക്കി നില്ക്കയാണവന്‍.
'' അവന് അമ്മയെ കണ്ട ഓര്‍മ്മയില്ല. രണ്ടു വയസ്സുള്ളപ്പോള്‍ ഒരാക്‌സിഡന്റില്‍ പോയതാണവള്‍''
ഒരു നെടുവീര്‍പ്പിന്റെ നിമിഷങ്ങള്‍ക്കപ്പുറം ഒരു ചെറു ചിരിയോടെ അയാള്‍ തുടര്‍ന്നു.
'' മരണത്തിലേക്ക് പോവുമ്പോള്‍ വെള്ളത്തിനടിയിലൂടെ കണ്ട നിങ്ങളുടെ മുഖം അവനോര്‍മ്മയുണ്ട്..നിങ്ങള്‍ തന്നെയാണവന്റെ അമ്മ എന്നാണവന്‍ ഇപ്പോള്‍ പറയുന്നത്''
''ഇരിക്കൂ...'
എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ കുട്ടിക്കു നേരേ കൈ നീട്ടി. അവന്‍ വേഗം വന്നു എന്റെ കൈവിരലുകളില്‍ പിടിച്ചു... പിന്നേയും എന്നെ നോക്കി നിന്നു. കസേരയില്‍ ഇരുന്ന് അവന്റെ അച്ഛന്‍ തുടര്‍ന്നു..
''സത്യത്തില്‍ അന്നു ആ സംഭവം നടന്നു പിറ്റേന്നു തന്നെ അതു നിങ്ങളാണെന്നു ഞാന്‍ കണ്ടു പിടിച്ചിരുന്നു.. ഒരു രണ്ടാം വിവാഹത്തിനായി ബന്ധുക്കള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ മകന്‍ തന്നെ അവന്റെ അമ്മയെ കണ്ടെത്തിയെന്ന് പറഞ്ഞത്. പിന്നെ... ഞാന്‍ അന്വേഷിച്ചിരുന്നു നിങ്ങളെക്കുറിച്ച്.. ഭംഗി മുഴുവന്‍ ദൈവം ഹൃദയത്തിലേക്ക് നല്കിയ പെണ്ണ് ! സ്‌നേഹവും നന്മയും നിറഞ്ഞ നിങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് കൂട്ടായി വരണം എന്നൊരു ആഗ്രഹമുണ്ട്. ആലോച്ചിച്ചു പറഞ്ഞാല്‍ മതി.. ഞങ്ങളുടെ ഡീറ്റെയില്‍സ് ഈ പേപ്പറിലുണ്ട്.''
ആ പേപ്പര്‍ വാങ്ങിയെങ്കിലും വാക്കുകള്‍ ഇല്ലാതെ ഞാന്‍ നില്ക്കുമ്പോള്‍ അവര്‍ പോകാനായി എഴുന്നേറ്റു. അവന്‍ ഇപ്പോഴും എന്റെ കൈകള്‍ മുറുകെ പിടിച്ചിരിക്കയാണ്. അച്ഛന്‍ കൈ നീട്ടിയപ്പോള്‍ ആ കുഞ്ഞു ചിരിയോടെ തന്നെ അയാള്‍ക്ക് അരികിലേക്ക് ചെന്നു. എന്തോ പറയാന്‍ ശ്രമിച്ച ആ മോന്റെ ചുണ്ടുകളിലേക്ക് കുനിഞ്ഞ് അയാള്‍ കാതു ചേര്‍ത്തു. പിന്നെ എന്നെ നോക്കി പറഞ്ഞു
'' അവന്‍ അമ്മേന്നു വിളിച്ചോട്ടേയെന്ന് ചോദിക്കണൂ...'
ദൈവമേ... ആരില്‍ നിന്നെങ്കിലും നിഷ്‌കളങ്കമായ സ്‌നേഹം കിട്ടുന്നതിനപ്പുറം ഈ ലോകത്ത് എന്തിനാണര്‍ത്ഥമുള്ളത് ? എന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടേ നിന്നോ സ്‌നേഹത്തിന്റെ.. വാത്സല്യത്തിന്റെ.. മാതൃത്വത്തിന്റെ ഒരു ഉറവ പൊട്ടുന്നത് ഞാനറിഞ്ഞു. ആദ്യം നെഞ്ചില്‍ അതു കനത്തു വന്നു.. പിന്നെ കണ്ണിലൂടെ അടര്‍ന്നുവീണു.. ഞാനറിയാതെ ആ തറയിലേക്ക് തളര്‍ന്നു മുട്ടിലിരുന്നു... രണ്ടു കൈകളും എന്റെ ആ കുഞ്ഞിനെ പുണരാന്‍ നീട്ടുമ്പോള്‍ അയാളും ഒരു കരച്ചിലിന്റെ വക്കത്തായിരുന്നു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete