2 ദിവസമായി ഇവിടെ കറന്റ് പോയിട്ട്. കെ എസ് ഇ ബി യില്‍ വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. റിസീവര്‍ മാറ്റി വെച്ചേക്കുവാണെന്ന് തോന്നുന്നു. ബിസി ട്യൂണ്‍ ആണ് കേള്‍ക്കുന്നത്. കറന്റ് പോയാല്‍ പിന്നെ അവര്‍ക്ക് ആരും സമാധാനം കൊടുക്കാറില്ലല്ലോ! അതുകൊണ്ട് അവര്‍ ഇങ്ങനെ ചെയ്യുന്നതിലും തെറ്റില്ല. പക്ഷേ അവര്‍ അറിയാത്ത എവിടെയെങ്കിലും ലൈന്‍ പൊട്ടി കിടക്കുവാണെങ്കിലോ? അതറിയാതെ അവര്‍ മെയിന്‍ സ്വിച്ച് ഓണ്‍ ആക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക? ഞാന്‍ എന്തിനാ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതെന്ന് ചോദിച്ചാല്‍...... വേറെ ഒന്നും ചെയ്യാനില്ലാഞ്ഞിട്ടാ...
2 ദിവസമായി തുടര്‍ച്ചയായ മഴയാണ്. ഫോണ്‍ ചാര്‍ജ് ചെയ്തു ചെയ്തു പവര്‍ ബാങ്കും ചത്തു. ഭാഗ്യം കൂടിയ സമയമായതുകൊണ്ട് ഇന്‍വെര്‍ട്ടര്‍ നേരത്തെ തന്നെ വീര്യമൃത്യു വരിച്ചു. ഒരു നല്ല ഞായറാഴ്ചയായിട്ട് അതും കുളമാകുമെന്ന് ആലോചിക്കുമ്പോഴാ.... ഹാ.... പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇന്നാണ് ഈ വീട്ടിലെ എന്റെ ലാസ്റ്റ് സപ്പര്‍. പേടിക്കേണ്ട കേട്ടോ! ഞാന്‍ മരിക്കാന്‍ ഒന്നും പോകുവല്ല.
ഇവിടെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം തുടങ്ങിയിട്ട് 2 വര്‍ഷമായി. വേറെ ആരുമല്ല എന്റെ സ്വന്തം പപ്പയും മമ്മയുമാണ്. സ്‌കൂള്‍ ടീച്ചറായ മമ്മയ്ക്കും കോളേജ് പ്രൊഫസറായ പപ്പയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ താല്‍പര്യമില്ല പോലും. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാ? 18 വയസ്സായതുകൊണ്ട് ഒരു വിധത്തില്‍ രക്ഷപെട്ടു. നാളെയാണ് ഈ യുദ്ധത്തിന്റെ കലാശകൊട്ട്.
സന്ധ്യ സമയമായതുകൊണ്ട് പപ്പ കടയില്‍ നിന്ന് മെഴുകുതിരി മേടിച്ചുകൊണ്ട് വന്ന് കത്തിച്ചിട്ടുണ്ട്.
മമ്മ നേരത്തെ തന്നെ പണിയെല്ലാം ഒതുക്കി വച്ചിട്ടുണ്ട്. എല്ലാരുടെയും ഫോണിന് ഇന്ന് രാവിലെ തന്നെ അന്ത്യകൂദാശ കൊടുത്തിരുന്നു. മെഴുകുതിരി വെട്ടത്തില്‍ കാണാം രണ്ടുപേരും അവിടെ കസേരയില്‍ ഇരിക്കുന്നത്. എനിക്കറിയാം കൊന്നാലും രണ്ടുപേരും പരസ്പരം സംസാരിക്കില്ലെന്ന്. സംസാരിക്കണമെങ്കില്‍ ഈ വീട് ഒരു കുടുംബകോടതി ആവണം.
ന്യൂസ് പേപ്പര്‍ അവിടെ അനാഥമായി കിടപ്പുണ്ട്. ഞാന്‍ സിറ്റ്ഔട്ടില്‍ ഇരുന്നു മഴ കാണുവാ. ഇവിടെ ഇരുന്നാല്‍ തിണ്ണയില്‍ ഉള്ള അവരെ രണ്ടുപേരെയും കാണാം. പണ്ടാണെങ്കില്‍ പപ്പ ടി വി യുടെ മുന്നില്‍ ഇരിക്കുന്ന സമയമാണ് ഇത്. ന്യൂസ് ചാനല്‍ മാറ്റാറേയില്ല. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാലും കേള്‍ക്കില്ല. 10 മണിക്ക് കിടക്കുകയും ചെയ്യും. മമ്മയാനെങ്കില്‍ 11 കഴിയും. ഫോണും നെറ്റും വന്നതിനു ശേഷം, മമ്മാ എന്ന് വിളിച്ചാല്‍ പോലും കിട്ടാറേയില്ല. കിട്ടണമെങ്കില്‍ വാട്‌സ്ആപ്പ് ചെയ്യേണ്ട അവസ്ഥ. കാലം പോയ പോക്കേ!
ന്യൂ ജനറേഷന്‍ ആണെകിലും ഞാന്‍ നല്ല കുട്ടിയായിരിക്കാന്‍ കാരണം ഒരാഴ്ച മുന്‍പ് വരെ ഇവിടെ ഉണ്ടായിരുന്ന ഒരാളാണ്. വേറെ ആരുമല്ല, എന്റെ വല്ല്യപ്പച്ചനാ. ഇപ്പോ ഒരു ധ്യാനം കൂടാന്‍ പോയേക്കുവാ. നാളെ തിരിച്ചു വരും. മൂപ്പരാണ് എന്റെ കൂട്ട്. ഞാന്‍ ഇല്ലാത്തപ്പോള്‍ പുള്ളിക്കാരന്‍ ബൈബിളില്‍ മുഴുകും. പപ്പയ്ക്കും മമ്മയ്ക്കും എന്റെ കാര്യം നോക്കാന്‍ ഒന്നും സമയമില്ലല്ലോ!
''നിങ്ങള്‍ക്ക് കണ്ണ് കണ്ടൂടെ അച്ചായാ?''
മമ്മയുടെ ശബ്ദം കേട്ട് ഞാന്‍ അങ്ങോട്ടു നോക്കി. മമ്മ പപ്പയോട് സംസാരിക്കുവാണോ? അതിശയം തന്നെ! എന്തോ താഴെ പോയപ്പോള്‍ എടുക്കാന്‍ പപ്പ കുനിഞ്ഞിട്ട് നിവര്‍ന്നതാ. മമ്മ കണ്ടില്ലായിരുന്നെങ്കില്‍ പപ്പയുടെ മുടിയില്‍ തീ പിടിച്ചേനെ! പക്ഷേ മമ്മ ഇതുവരെ കൈ പപ്പയുടെ തലയില്‍ നിന്നും എടുക്കുന്നില്ലല്ലോ! ഇനി തല പിടിച്ചു നിലത്ത് അടിക്കാനോ മറ്റുമാണോ? ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ പോലെ രണ്ടുപേരും കണ്ണും കണ്ണും നോക്കി ഇരിക്കുവാ. ഞാന്‍ പിന്നെ അങ്ങോട്ടു നോക്കിയില്ല. വെറുതെ എന്തിനാ നമ്മളായിട്ട്...... ഞാന്‍ പതിയെ മുറിയിലോട്ട് പോന്നു.
ഒരു ചെറിയ മയക്കത്തിന് ശേഷം ഞാന്‍ തിണ്ണയിലോട്ട് ചെന്നു. ഭയങ്കര നിശബ്ദത. ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി പോയി. എന്താണെന്ന് അറിയില്ല, കണ്ണില്‍ നിന്ന് വെറുതെ വെള്ളം വന്നു. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. കൈയ്യില്‍ പതിയെ നുളളി നോക്കി. നന്നായി വേദനിച്ചു.
പപ്പയും മമ്മയും അടുത്തിരുന്നു ആല്‍ബം കാണുന്നു. ഞാന്‍ മമ്മയുടെ വയറ്റില്‍ കിടക്കുന്ന സമയം മുതല്‍ ഉള്ള ഫോട്ടോസ് ഉണ്ടതില്‍. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.
''എന്താ ഇവിടെ രണ്ടുപേരും പരിപാടി?''
''ഞങ്ങള്‍ ചുമ്മാ ഓരോന്നും മിണ്ടീം പറഞ്ഞും ഇരുന്നതാ ! എന്നാടാ?''
''ആ... പറഞ്ഞോ ! നാളെ രണ്ടും തല്ലി പിരിയാന്‍ പോകുവല്ലേ ! ഇന്ന് ആഘോഷിച്ചോ!'' ഞാന്‍ നല്ലൊരു കുത്ത് കൊടുത്തു.
''ആര് പറഞ്ഞു ഞങ്ങള്‍ പിരിയുവാണെന്ന്? ഞാന്‍ എന്റെ ആനികൊച്ചിനെ പിരിയുന്നില്ല. ' പപ്പയുടെ വകയാണ് ആ കമന്റ്.
മമ്മ കള്ളചിരിയോടെ എന്നെ കണ്ണടച്ചു കാണിച്ചു. ഭൂലോകം മുഴുവന്‍ പിടിച്ചടക്കിയ സന്തോഷം ആയിരുന്നു എനിക്കപ്പോള്‍. എത്ര കാലമായി അവരെ ഇങ്ങനൊന്ന് കണ്ടിട്ട്. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു.
പിരിയാന്‍ തീരുമാനിക്കുന്ന എല്ലാവരുടെയും വീട്ടിലെ കറന്റ് രണ്ട് ദിവസത്തേക്ക് കളഞ്ഞാല്‍ മതി, ഒരു കുടുംബകോടതിയുടേയും ആവശ്യം വരില്ലെന്ന് എനിക്കപ്പോള്‍ മനസിലായി.
0 comments:
Post a Comment