മോനെ വെല്ലതും കഴിച്ചിട്ടു പോടാ... ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നു അമ്മയുടെ ശബ്ദം..
എനിക്ക് വേണ്ട.. ആ മുഖത്തുപോലും നോക്കാതെയാണ് ഞാനുത്തരം പറഞ്ഞത്.. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയുമ്പോള്‍ അമ്മ ചോറ്റുപാത്രം എന്റെ നേരെ നീട്ടി.. അതിലേക്കൊന്നു നോക്കുക കൂടി ചെയ്യാതെ ഞാന്‍ വണ്ടി മുമ്പോട്ടെടുത്തു..
മുമ്പോട്ടു പോയി കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് ചോറ്റുപാത്രം കൈയില്‍ പിടിച്ചു കണ്ണുതുടക്കുന്ന അമ്മയെയാണ്... ആ കണ്ണുനീര്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കിയില്ല.. കാരണം അത്രക്ക് വെറുപ്പായിരുന്നു എനിക്കാ സ്ത്രീയോട്..
തന്തയില്ലാത്തവന്‍ എന്ന വിളി ഓരോ തവണ കാതില്‍ മുഴങ്ങുമ്പോഴും ആ വെറുപ്പ് കൂടി വന്നു... പ്രണയം നടിച്ചു കൂടെ കൂടിയവന്‍ അമ്മക്ക് കൊടുത്ത സമ്മാനമായിരുന്നു ഞാന്‍.. അവിഹിത ഗര്‍ഭം പേറിയവളെ വീട്ടുകാരും നാട്ടുകാരും പടിയടച്ചു പിണ്ഡം വെച്ചു...
ഇതുവരെ എനിക്ക് ജന്മം തന്നതാരാണെന്നു പറഞ്ഞിട്ടില്ല.. ഞാനൊട്ടു ചോദിച്ചിട്ടുമില്ല.. അത്രപോലും ആ സ്ത്രീയോട് സംസാരിക്കാന്‍ എനിക്കിഷ്ടമല്ലായിരുന്നു... അപ്ലിക്കേഷന്‍ ഫോമുകളിലെ അച്ഛന്റെ പേരിന്റെ കോളം പൂരിപ്പിക്കാതെ വിടേണ്ടി വരുന്ന ഒരവസ്ഥ.. അത് കാണുന്നവരുടെ നോട്ടം.. പുച്ഛം.. പരിഹാസം.. ഇതൊക്കെ എന്നിലെ വെറുപ്പും ദേഷ്യവും ആളിക്കത്തിച്ചു..
ഒരുമിച്ചിരുന്നു കഴിച്ചിട്ടില്ല...എന്തിനു വിളമ്പിത്തരാന്‍ പോലും ഞാന്‍ അനുവദിച്ചിട്ടില്ല.. ഒരു വീട്ടില്‍ രണ്ടു അപരിചിതരെ പോലെ... പലപ്പോഴും ആ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ ആ കണ്ണുനീരിനോട് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ..
പഴയ കാര്യങ്ങളാലോചിച്ചു ഓഫീസ് എത്തിയതറിഞ്ഞില്ല.. ഉച്ചക്ക് സ്ഥിരം കടയിലെ ഊണും കഴിഞ്ഞു ഒരു സിഗെരെറ്റ് പുകച്ചോണ്ടിരുന്നപ്പോഴാണ് മുമ്പില്‍ ഒരു കൈ നീണ്ടുവന്നത്.. എന്തെങ്കിലും തരണേ.. വിശന്നിട്ടാ.. ഭക്ഷണം കഴിക്കാനാ...സഹായിക്കണം... ഒരു സ്ത്രീ ആണ്.. കുടെ നാലഞ്ചു വയസുള്ള ഒരു കുട്ടിയും...
ആദ്യം അവഗണിച്ചെങ്കിലും ആ കുട്ടിയുടെ മുഖത്തുള്ള ദൈന്യത എന്നെ പിന്നോട്ടു വലിച്ചു. നിങ്ങള്‍ക്ക് പൈസ ഞാന്‍ തരില്ല.. ഭക്ഷണം വാങ്ങി തരാം.. മതിയോ.. മതി സര്‍... ആ സ്ത്രീയുടെ കണ്ണുകള്‍ തിളങ്ങി..
അവരുമായി കടയില്‍ കയറി.. സന്തോഷേ.. ഇവര്‍ക്ക് രണ്ടു ഊണ്.. അവരുടെ എതിര്‍വശത്തെ ചെയറില്‍ ഞാനിരുന്നു...
മകനാണോ..
അതേ സര്‍..
ഭര്‍ത്താവ് ??
ഉത്തരം മൗനമായിരുന്നു... ആ സ്ത്രീ തലകുനിച്ചിരുന്നു.. ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി.. ഞാന്‍ അവനില്‍ എന്നെത്തന്നെ കാണുകയായിരുന്നു.. ഊണ് വന്നു.. ആര്‍ത്തിയോടെ കഴിക്കുന്ന ആ കുട്ടിയെ തന്നെ നോക്കി ഞാനിരുന്നു..
ആ സ്ത്രീ അവരുടെ മുമ്പിലുള്ള ഭക്ഷണം ശ്രദ്ധിച്ചുപോലുമില്ല.. പകരം ആ കുട്ടിക്ക് വാരി കൊടുക്കുന്ന തിരക്കിലായിരുന്നു... എന്റെ മനസ്സ് കലങ്ങിമറിയുകയായിരുന്നു...
നിങ്ങള്‍ കഴിക്കുന്നില്ലേ...
കഴിച്ചോളാം സര്‍...
എങ്കില്‍ കഴിക്കു...
ആ സ്ത്രീ രണ്ടുമൂന്നു വാ ചോറ് വാരികഴിച്ചു.. പിന്നീടു കൈയിലുള്ള സഞ്ചിയില്‍ നിന്നും ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേക്കു ആ ചോറും കറികളും ഇടാന്‍ തുടങ്ങി..
ഇതെന്താ ഈ കാണിക്കുന്നത്...
എനിക്കൊരു കുട്ടി കൂടെയുണ്ട്...എന്റെ സ്വന്തമല്ല...ആരോ ഉപേക്ഷിച്ചതാ വഴിയില്‍...അതിപ്പോ ഞങ്ങടെ കൂടെയാ...പനി പിടിച്ചതുകൊണ്ട് റോഡ് സൈഡിലെ ഷെഡില്‍ കിടത്തിയിരിക്കുകയാ.. അവനു കഴിക്കാനാ...
കണ്ണുനീര്‍ കാഴ്ചയെ മറയ്ക്കുന്നത് പതിയെ ഞാനറിഞ്ഞു... ആ സ്ത്രീയില്‍ ഞാനെന്റെ അമ്മയെ കാണുകയായിരുന്നു... സ്വന്തം വിശപ്പും ദാഹവും മാറ്റിവെച്ചു മക്കള്‍ക്കു വേണ്ടി സൂക്ഷിച്ചു വെക്കുന്ന ആ മാതൃഹൃദയത്തിനെ.. ഒരു പാര്‍സലും കൂടി വാങ്ങി അവര്‍ക്കു നല്‍കി കൈയില്‍ കുറച്ചു പൈസയും കൊടുത്തിട്ടു അവരോടു പറഞ്ഞു മറ്റേ കുട്ടിക്ക് മരുന്നുവാങ്ങണമെന്നു... ആ സ്ത്രീ കൈ കൂപ്പിയപ്പോള്‍ ഞാന്‍ തടഞ്ഞു. ആ കുട്ടിയുടെ മുഖത്തെ ചിരിയും ആ സ്ത്രീയുടെ നിറഞ്ഞ കണ്ണുകളും ഒരിക്കല്‍ കൂടി നോക്കിയിട്ടു ഞാന്‍ വണ്ടി തിരിച്ചത് നേരെ വീട്ടിലേക്കായിരുന്നു..
എനിക്കെന്റെ അമ്മയെ കാണണം ഇപ്പൊ... ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നതിന്റെ നേരെ വിപരീതകാര്യങ്ങളായിരുന്നു എന്റെ മനസ്സില്‍ അപ്പോള്‍... വിശ്വസിച്ചു കൂടെ നിന്നവന്‍ ചതിച്ചു എന്നെ സമ്മാനമായി നല്‍കി പോയതിനു അമ്മ എന്ത് പിഴച്ചു.. വേണമെങ്കില്‍ മാനം രക്ഷിക്കാന്‍ അമ്മക്കെന്നെ നശിപ്പിച്ചു കളയാമായിരുന്നു... ചെയ്തില്ല...
ഞാന്‍ അനുഭവിച്ചതിലും എത്രയോ ഇരട്ടി അപമാനം അമ്മ അനുഭവിച്ചിട്ടുണ്ടാകും. പിഴച്ചവളെ എന്നുള്ള വിളി എത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ടാവും. അതെല്ലാം സഹിച്ചു അമ്മ എനിക്ക് ജന്മം നല്‍കി. വളര്‍ത്താന്‍ ഒരു മാര്‍ഗവും മുന്നില്‍ കാണാത്തപ്പോള്‍ ജനിച്ച ഉടനെ കൈക്കുഞ്ഞിനെ കാട്ടില്‍ വലിച്ചെറിഞ്ഞില്ല അമ്മ. ഇന്നു ആ സ്ത്രീ നീട്ടിയ പോലെ എത്രപേരുടെ മുമ്പില്‍ അമ്മ കൈ നീട്ടിയിട്ടുണ്ടാവും. എനിക്ക് ഒരു പിടി ചോറിനായി.
ഞാന്‍ അവഗണിച്ചപ്പഴും കുറ്റപെടുത്തിയപ്പഴും തിരിച്ചൊരക്ഷരം മിണ്ടിയിട്ടില്ല. പരാതി പറഞ്ഞിട്ടില്ല. പകരം അടുക്കളയുടെ ഭിത്തിയില്‍ ചേര്‍ന്ന് കണ്ണ് നിറച്ചിട്ടേ ഉള്ളു. ഹെല്‍മെറ്റിനുള്ളിലൂടെ അരിച്ചിറങ്ങുന്ന കണ്ണുനീരിന്റെ നനവ് എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു..
വീട്ടിലെത്തി അകത്തേക്ക് ഞാന്‍ ഓടുകയായിരുന്നു. ചെന്നപ്പോള്‍ കണ്ടത് ഡൈനിങ്ങ് ടേബിളില്‍ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്ന അമ്മയെയാണ്. പതിവില്ലാത്ത സമയത്ത് എന്നെ കണ്ടപ്പോള്‍ അമ്മ ചാടിയെണീറ്റു. എന്താ മോനെ ഈ സമയത്ത്...
ഞാന്‍ ചെന്നു അമ്മയെ പിടിച്ചിരുത്തി. അമ്മയുടെ അടുത്ത് കസേരയില്‍ ഇരുന്നു. മോന്‍ വെല്ലതും കഴിച്ചോ. കഴിച്ചു...അമ്മ കഴിക്കു. അമ്മയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍...
അമ്മ ഒരു ഉരുള വായില്‍ വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആ കൈയില്‍ പിടിച്ചു. അമ്മ എന്നെ നോക്കി. ആ കൈ ഞാന്‍ എന്നിലേക്കടുപ്പിച്ചു...ആ കൈയില്‍ നിന്നും ആ ഉരുള കഴിച്ചു. അറിവായതിനു ശേഷം ആദ്യമായി അമ്മ വാരിത്തന്ന ഭക്ഷണം. അതിനു വല്ലാത്തൊരു രുചിയായിരുന്നു...കവിളില്‍ നിന്നൊലിച്ചിറങ്ങിയ കണ്ണീരിന്റെ ഉപ്പും.
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നതെനിക്ക് കാണാമായിരുന്നു. എന്തിനാ മോനെ കരയുന്നെ. അമ്മ ഇടതു കൈ കൊണ്ട് എന്റെ മുടിയില്‍ വിരലോടിച്ചു. ഒന്നുമില്ലമ്മാ.
ഞാന്‍ എഴുന്നേറ്റു റൂമില്‍ പോയി. ഡ്രസ്സ് മാറി മുഖം കഴുകി ഞാന്‍ തിരിച്ചുവന്നപ്പോള്‍ കണ്ടത് ഉമ്മറത്തു കാലു നീട്ടി ഇരിക്കുന്ന അമ്മയെ ആണ്. അടുത്തു ചെന്നു ആ കാല്‍പ്പാദത്തില്‍ പിടിച്ചു... മനസ്സില്‍ ഒരായിരം വട്ടം മാപ്പ് പറഞ്ഞു...
എന്താടാ...
ഒന്നുമില്ലമ്മേ...
ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ ഏതോ ഒരു പുതിയ ലോകത്തു ചെന്ന ഫീലിംഗ് ആയിരുന്നു എനിക്ക്. അമ്മയുടെ വിരലുകള്‍ എന്റെ മുടിയിഴകളെ തലോടുമ്പോള്‍ ഞാനറിയുകയായിരുന്നു. ആ സ്‌നേഹം.
നിനക്കറിയണോ നിന്റച്ഛന്‍ ആരാണെന്നു...
വേണ്ട... എനിക്ക് അച്ഛനും അമ്മയും ഒക്കെ ഈ അമ്മയാണ്..അത് മതി...ഇതുവരെ ഞാന്‍ വേണ്ടാന്നു വെച്ച സ്‌നേഹം മുഴുവന്‍ എനിക്ക് വേണം ഇനി...സ്‌നേഹിക്കണം എനിക്ക്... ഈ ജന്മം മുഴുവന്‍. എന്റെ അമ്മയെ. നിറഞ്ഞ കണ്ണുകളോടെ അമ്മ എന്റെ നെറ്റിയില്‍ ഒരു മുത്തം തന്നപ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനു ഉപ്പായിരുന്നില്ല...
മധുരമായിരുന്നു. മാതൃസ്‌നേഹത്തിന്റെ മധുരം.
കടപ്പാട്: സോഷ്യല്‍ മീഡിയ
0 comments:
Post a Comment