ഭാര്യ
''നീയൊരു വേശി ആയിരുന്നല്ലേ.. ?''
ബസ്സില്‍ കയറി സീറ്റിലേക്കമര്‍ന്നതും, ഭര്‍ത്താവിന്റെ ചോദ്യത്തിനു മുന്‍പില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട്, കണ്ണു തുറിച്ചു അവള്‍ അയാളെ തന്നെ നോക്കിയിരുന്നു..
''അവിടെ ഇരിക്കേണ്ട ;അത് റിസേര്‍വ്ഡ് സീറ്റാണ് '
കണ്ടക്ടറുടെ ശബ്ദം കേട്ട് അവള്‍ രണ്ടു സീറ്റ് പുറകിലായി മാറിയിരുന്നു കൂടെ അയാളും..
''അല്പം തണ്ടും തടിയുമുള്ള ആണുങ്ങളെ കാണുമ്പോള്‍ നിന്റെ ഇളക്കം ഞാന്‍ കാണുന്നുണ്ട്. അവടെ കൊഞ്ചിക്കുഴയലും, കണ്ണിലെ കാമത്തിന്റെ തിളക്കവും,. നിനക്ക് ഒരുത്തനെകൊണ്ട് മതിയാവില്ല കുറേ ആണുങ്ങള്‍ വേണ്ടിവരും. എന്നോട് മാത്രമേ നിനക്ക് താല്പര്യക്കുറവുള്ളൂ, അത് സെക്‌സില്‍ താത്പര്യമില്ലെന്ന് കാണിക്കാനുള്ള നിന്റെ അടവാണെന്നു എനിക്കിപ്പോള്‍ മനസ്സിലായി.. ഞാനുള്ളപ്പോള്‍ നിനക്ക് ഇത്രയൊക്കെ കാണിക്കാമെങ്കില്‍, ഇല്ലാത്തപ്പോള്‍ നീ ആണുങ്ങളെ ക്ഷണിച്ചു കയറ്റി, കാലു കവച്ചു വച്ചുകൊടുക്കും, അത്രയ്ക്ക് നാണം കെട്ടവളാണ് നീ '
'ഒരുപാട് പെണ്ണുങ്ങളെ കരയിപ്പിച്ചിട്ട് അവസാനം നിന്നെ കെട്ടി, അതിനെനിക്ക് കിട്ടിയ ശിക്ഷയാ, നിന്നേപ്പോലൊരു തേവിടിശ്ശിയെ ചുമക്കേണ്ടി വന്നത്. എത്രേം പെട്ടെന്ന് ഒന്നൊഴിഞ്ഞു തരുമോ എന്റെ ജീവിതത്തില്‍ നിന്നും, നിന്നെപ്പോലൊരുത്തി ഇല്ലാതായിട്ട് വേണം എനിക്ക് സുഖമായും സ്വസ്ഥമായും ഒന്നുറങ്ങാന്‍. നിനക്ക് പകരം നിന്നെക്കാള്‍ നല്ല ആയിരമെണ്ണത്തിനെ എനിക്ക് കിട്ടും. നിന്നെ എന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി ചാണകവെള്ളം തളിച്ച് ശുദ്ധിചെയ്യണം എന്നാലേ എന്റെ ജീവിതം ഗുണം പിടിക്കു''.
''കെട്ടുന്നതിന് മുന്‍പേ പലരും പറഞ്ഞതാ വേണ്ട ഈ ബന്ധം ശരിയാകില്ലന്നു. പക്ഷെ നീയെന്നെ സൗന്ദര്യം കാട്ടിയും കൂടോത്രം ചെയ്തും വശത്താക്കി. എനിക്ക് പറ്റിയ തെറ്റാണു നീ.
ആണുങ്ങള്‍ അടുത്തുവന്നിരുന്നാല്‍ അഭിമാനമുള്ള പെണ്ണുങ്ങള്‍ എഴുനേറ്റു മാറിയിരിക്കും, അതിനു അഭിമാനം എന്താണെന്നു നിനക്കറിയില്ലല്ലോ, അതറിയണമെങ്കില്‍ നല്ല കുടുംബത്തില്‍ പിറക്കണം. അല്ലാത്തവളുമാര് പിഴക്കും. നിന്നെപ്പോലെ അഴിഞ്ഞാട്ടക്കാരികളാകും.
നിന്നെ ഞാന്‍ നാണം കെടുത്തും, നാട്ടുകാരുടെ മുന്നിലിട്ട് നിന്റെ മുഖം മൂടി വലിച്ചുകീറും. ആരുടേയും മുഖത്ത് നോക്കാനാകാതെ നീ നാടുവിട്ടോടണം.''
''കല്യാണത്തിന് മുന്‍പ് നീ എത്ര ആണുങ്ങള്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്നു ആര്‍ക്കറിയാം, മനസ്സുകൊണ്ടും ശരീരം കൊണ്ടും നീയെന്നെ വഞ്ചിക്കും അതെനിക്കുറപ്പാണ്. ഞാനിപ്പറഞ്ഞതൊക്കെ തെറ്റാണെന്നു, നിനക്ക് കാവിലമ്മേ കൊണ്ട് സത്യം ചെയ്യാന്‍ പറ്റുമോടി.. പറയെടി.. വേശിപുലയാടി മോളെ..''
അയാള്‍ ബസ്സിലിരുന്നു ആക്രോശിച്ചു.
എല്ലാം കേട്ടു കണ്ണീര്‍ വാര്‍ത്തു ഒരു പ്രതിമ കണക്കെ അവളിരുന്നു..
ബസ്സിലുള്ള ആളുകളെല്ലാം അവരെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അവളുടെ ചേച്ചിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു അവര്‍, ചേച്ചിയുടെ മകളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനാണ് അവിടേക്ക് പോയത്.
സ്വന്തം ചേട്ടന്റെ സ്ഥാനത്തുകാണുന്ന ചേച്ചിയുടെ ഭര്‍ത്താവ് സുഖവിവരം ചോദിച്ചതിന് മറുപടി പറഞ്ഞതല്ലാതെ, ഭര്‍ത്താവിന്റെ സംശയരോഗം അറിയാവുന്നതിനാല്‍ അവള്‍ ആരോടും മിണ്ടാറില്ല.
കളിച്ചു ചിരിച്ചു നടന്നിരുന്ന അവളുടെ മാറ്റം എല്ലാരും ശ്രദ്ധിക്കാതിരുന്നില്ല, അവളെ അറിയാവുന്ന പലരും അവളുടെ മുഖത്തെ മ്ലാനതയുടെ കാര്യം തിരക്കിയെങ്കിലും, ആരെയും ഒന്നും അറിയിക്കാതെ അവരില്‍ നിന്നെല്ലാം വളരെ സമര്‍ത്ഥമായി അവള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
താന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ് ഈ ജീവിതം, അതുകൊണ്ട് തന്നെ അതിനെപ്പറ്റി കുറ്റംപറഞ്ഞു കരയാന്‍ തനിക്കര്‍ഹതയില്ലെന്നവള്‍ വിശ്വസിച്ചു. ആ വഴി എത്ര ദുര്‍ഘടമായാലും എത്ര കല്ലും മുള്ളും നിറഞ്ഞതായാലും, ഒക്കെ സ്വയം അനുഭവിക്കാന്‍ അവള്‍ തീരുമാനിച്ചുറച്ചിരുന്നു..
മനസ്സുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ അയാള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. എന്തും സഹിക്കും പക്ഷെ തെറ്റുചെയ്യാതെ മാനത്തിനു വിലപറയുന്നത് അഭിമാനമുള്ള ഒരു പെണ്ണും സഹിക്കില്ല, പൊറുക്കുകയുമില്ല.
ലോകത്തുള്ള സകല ദൈവങ്ങളെയും, ജനിക്കാന്‍പോകുന്ന തന്റെ കുഞ്ഞിനെപ്പോലും പിടിച്ചു ആണയിട്ടവള്‍ മാറത്തടിച്ചു കരഞ്ഞു..
''ഞാന്‍ പിഴച്ചവളല്ല.. ഈ പറഞ്ഞതൊന്നും സത്യമല്ല''
''ഛെ.. നിര്‍ത്തടി നിന്റെ അഭിനയം, എന്റെ കുഞ്ഞു നിന്നേപ്പോലൊരു പിഴച്ചവളുടെ വയറ്റില്‍ പിറക്കണ്ട. നീ ഞാനറിയാതെ ഏതോ അവന്റെ കൂടെ അഴിഞ്ഞാടി നടന്നു നിന്റെ വയറ്റിലുണ്ടാക്കിയതായിരിക്കും ഇതിനെ. കുടിച്ച വെള്ളത്തില്‍പോലും ഞാന്‍ നിന്നെ വിശ്വസിക്കില്ല. നിന്റെ കള്ളക്കരച്ചിലും കള്ളയാണയും, ഞാന്‍ ചത്താലും വിശ്വസിക്കാന്‍ പോകുന്നില്ലെടി '
അയാള്‍ അവളുടെ മേല്‍ ചാടിക്കയറി.
അടുത്തസീറ്റിലിരിക്കുന്ന ആളുകള്‍ നോക്കുന്നതുകണ്ടപ്പോള്‍ അവളുടെ തൊലിയുരിഞ്ഞു
''ചത്താല്‍ മതിയാരുന്നു, ഇതിലും ഭേദം അതാ, മടുത്തു, ഇനിയും വയ്യെനിക്ക്,''
അവള്‍ സങ്കടം സഹിക്കാതെ പിറുപിറുത്തു
''നിനക്ക് ചാകണമെങ്കില്‍ നിന്റെ വീട്ടിപ്പോയിക്കിടന്നു ചാകണം. എന്റെ വീട്ടില്‍ കിടന്നു ചത്തിട്ടു, എന്റെ തലേവക്കാനുള്ള പൂതി മനസ്സില്‍ വച്ചേരെ നീ പോയി ചത്തോ എനിക്കത്രേം സമാദാനം കിട്ടും '
അയാളുടെ വാക്കുകള്‍ നെഞ്ചിലേക്ക്, ഒരുപിടി കനല്‍ കോരിയിടുകയായിരുന്നില്ല, മറിച്ചു ജീവനോടെ അവളെ അഗ്‌നിയില്‍ ദഹിപ്പിക്കുകയായിരുന്നു. ഭൂമിപിളര്‍ന്നു സീതാദേവിയെപ്പോലെ താഴേക്കു പോയിരുന്നെങ്കിലെന്നു സകല ദൈവങ്ങളെയും വിളിച്ചവള്‍ യാചിച്ചു..
കെട്ടിയ നാള്‍മുതല്‍ കേള്‍ക്കുന്നതാണ് ഈ അസഭ്യവര്‍ഷം. പിഴച്ചു ജീവിച്ച എത്രയോ പെണ്ണുങ്ങള്‍ കുടുംബജീവിതം ആസ്വദിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത തനിക്കു ഇങ്ങനെയൊരു വിധിയും
ഇതിനും വേണ്ടി എന്ത് പാപമാ ദൈവമേ ഞാന്‍ ചെയ്തത്. അര്‍ഹിക്കുന്ന ജീവിതം ലഭിച്ച സ്ത്രീകള്‍ ഉണ്ടാകുമോ ഭൂമിയില്‍.. ഇല്ല എന്ന് വിശ്വസിച്ചു അവള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു...
ബസ്സില്‍ കയറുന്നവരും ഇറങ്ങുന്നവരും അവരെത്തന്നെ നോക്കിനിന്നു, ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ ദുപ്പട്ടകൊണ്ട് മുഖം മറച്ചു അവള്‍ നെഞ്ചുപൊട്ടി കരഞ്ഞു. കണ്ണുനീര്‍ അവളുടെ കവിളില്‍ ചാലുതീര്‍ത്തൊഴുകിക്കൊണ്ടിരുന്നു.
വെളുപ്പിനെ ആയതിനാല്‍ ബസ്സില്‍ ആള് കുറവായിരുന്നു. ഉണ്ടായിരുന്ന കുറച്ചുപേരാകട്ടെ അവരെത്തന്നെ നോക്കിയിരിക്കുകയാണ്. അപമാനഭാരത്താല്‍ അവളുടെ തൊലിയുരിഞ്ഞു. ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ അയാള്‍ തെല്ലൊന്നടങ്ങി. ആരും കാണാതെ മുഖം മറച്ചു കരയുകയായിരുന്നു അപ്പോഴും അവള്‍.
''വീട്ടിലെത്തെട്ടടി, നിന്റെ കാര്യത്തില്‍ തീരുമാനം ആക്കുന്നുണ്ട് '
ആളുകള്‍ കേള്‍ക്കാത്ത വിധത്തില്‍ അയാള്‍ അവളോട് അടക്കം പറഞ്ഞു.
പത്തുമിനിറ്റ് കഴിഞ്ഞുകാണും ബസ് അവര്‍ക്കിറങ്ങേണ്ട സ്ഥലത്തെത്തി. നേരം വെളുത്തു തുടങ്ങിയിരുന്നു.. ബസ്സിറങ്ങി അയാള്‍ മുന്‍പിലും അവള്‍ പിന്നിലുമായി നടന്നു.. നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട് വയറു വലിപ്പം വച്ചു വന്നിരിക്കുന്നു. അവള്‍ കണക്കുകൂട്ടി അടുത്താഴ്ച ആകുമ്പോള്‍ ഏഴുമാസം തുടങ്ങും..മൂന്നുമാസം കൂടി കഴിഞ്ഞാല്‍ ഓര്‍ക്കുമ്പോള്‍ തന്നെ എന്തോപോലെ, അവള്‍ ഉരുണ്ടു വീര്‍ത്ത വയറില്‍ പതിയെ തലോടി.
താന്‍ ഒറ്റക്കല്ല എന്നൊരു തോന്നല്‍ അവളില്‍ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു..
''എന്താടി നിനക്ക് നടക്കാന്‍ ബുദ്ധിമുട്ട്, ഇവിടെങ്ങാനും നിന്റെ കാമുകന്മാരെ ആരെങ്കിലും കണ്ടോ നീ '
നടക്കുന്നതിനിടയില്‍ തിരിഞ്ഞു നിന്നു അയാള്‍ ചോദിച്ചു..
മുഖമുയര്‍ത്തി അയാളെ നോക്കിയതും പെട്ടന്നുതന്നെ അവളുടെ മുഖം ഭീതികൊണ്ട് വിടര്‍ന്നു. ഗര്‍ഭിണിയാണെന്നുപോലും ഓര്‍ക്കാതെ അവള്‍ ഓടി അയാളെ റോഡില്‍ നിന്നും നടപ്പാതയിലേക്ക് തള്ളി ഇട്ടു.. തറയില്‍ വീണു മുഖത്താകെ മണ്ണുപുരണ്ടു ദേഷ്യത്തോടെ അയാള്‍ എടി.. എന്നുവിളിച്ചുകൊണ്ട് അലറി എഴുനേറ്റു. ഒപ്പം തന്നെ കാതടപ്പിക്കുന്ന ഒരലര്‍ച്ചയും അയാളുടെ കാതുകള്‍ തുളച്ചു പാഞ്ഞുപോയതും ഒരുമിച്ചാരുന്നു ..
താനിത്ര നേരം പുലഭ്യം പറഞ്ഞവള്‍, കെട്ടിയ അന്നുമുതല്‍ ഒരു സന്തോഷവും കൊടുക്കാത്തവള്‍, തന്റെ കുഞ്ഞിനെ ഇത്രനാളും ചുമന്നവള്‍ റോഡില്‍ അരഞ്ഞു ചിതറിക്കിടക്കുന്നു, ശരീരഭാഗങ്ങളുടെ കൂട്ടത്തില്‍ ചോരയില്‍ പൊതിഞ്ഞൊരു പാവക്കുട്ടിപോലെ പുക്കിള്‍കൊടി മുറിഞ്ഞു, ജീവന്‍ നഷ്ടപ്പെട്ട തന്റെ കുഞ്ഞ്.
അയാള്‍ അലറിക്കൊണ്ട് കണ്ണുകള്‍ പൊത്തി...
താനെന്നും അവളെ ദ്രോഹിച്ചിട്ടേ ഉള്ളാരുന്നു, എന്നിട്ടും എനിക്കുവേണ്ടി അവള്‍, ക്രൂരമായ അയാളുടെ മനസ്സുറഞ്ഞു പെയ്യാന്‍ വെമ്പി നിന്നു. മുറുക്കിയടച്ച കണ്ണിനുള്ളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീര്‍ പുറത്തേക്കൊഴുകി
മാപ്പ് എല്ലാറ്റിനും മാപ്പ്
തനിക്കുവേണ്ടി ആദ്യമായും ഒരുപക്ഷെ അവസാനമായും അയാളൊഴുക്കിയ കണ്ണുനീര്‍...ജീവിതം അവസാനിച്ചു കുഞ്ഞിനോടൊപ്പം സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ അവളുടെ മനസ്സു നിറച്ചിരുന്നു
0 comments:
Post a Comment