സുരക്ഷയുടെ കാര്യത്തില്‍ വോള്‍വോയെ കടത്തിവെട്ടാന്‍ മറ്റു വാഹനങ്ങള്‍ക്ക് കുറച്ച് പണിയെടുക്കേണ്ടി വരും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല, മറിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പോലും വോള്‍വോ സുരക്ഷ നല്‍കും. എമര്‍ജന്‍സി ബ്രേക്കിങ് ഉള്‍പ്പെടെയുള്ള വോള്‍വോയുടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. കുതിച്ചുപാഞ്ഞു വരുന്ന വോള്‍വോ ട്രക്കിനു മുന്നില്‍ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
നോര്‍വെയില്‍ ബസില്‍ നിന്ന് ഇറങ്ങിയ ഒരു കുട്ടി മറ്റെവിടെയും നോക്കാതെ റോഡിന്റെ നടുവിലേക്ക് ഓടി അപ്പുറത്തേക്ക് കടക്കുകയായിരുന്നു. കുട്ടി റോഡിലേക്ക് ഓടിയ സമയം വോള്‍വോയുടെ എഫ്എച്ച് സീരിസ് ട്രക്ക് അത് വഴി വരുകയായിരുന്നു. എമര്‍ജെന്‍സി ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ചത് കൊണ്ട് ആ ജീവന്‍ സുരക്ഷിതമായി തിരിച്ചുകിട്ടി. ബസിന്റെ പുറകിലൂടെ വാഹനങ്ങള്‍ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവര്‍ കാണുന്നത് അവസാന നിമിഷത്തിലാണെന്നു വീഡിയോ വ്യക്തമാക്കുന്നു. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയില്‍ പെട്ടു എന്നാണ് കരുതിയതെങ്കിലും ഒന്നും സംഭവിക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമാണിത്. മാത്രമല്ല സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നല്‍കും. വോള്‍വോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളുടെ പ്രധാന സുരക്ഷ ഫീച്ചറാണ് ഈ എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവക്കൊപ്പം മറ്റേത് തടസ്സവും ഈ സംവിധാനം എളുപ്പത്തില്‍ തിരിച്ചറിയുകയും ഡ്രൈവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സാങ്കേതിക മികവ് ശരിവെയ്ക്കുന്ന ഉദാഹരണമാണ് ഇവിടെ കണ്ടത്. എന്തായാലും കുട്ടിയുടെ ജീവന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിക്കുന്നതോടെ വോള്‍വോയ്ക്കും വന്‍ പരസ്യപ്രചരണം കിട്ടിയെന്നു വേണം മനസിലാക്കാന്‍.
0 comments:
Post a Comment