പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. പെൺകുട്ടിയെ കടത്തിയതിനുശേഷം വേശ്യാലയമെന്നു കരുതി പൊലീസിനെ മാറി വിളിച്ചതാണ് അക്രമികൾക്ക് സ്വയം കുരുക്കായത്. ബിഹാർ സ്വദേശികളായ അമർ(24), രഞ്ചിത്ത് ഷാ (27) എന്നിവരെയാണ് വളരെ ആസൂത്രിതമായ നീക്കത്തിലൂടെ പൊലീസ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെൻട്രൽ ഡൽഹിയിലെ കമല മാർക്കറ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുനിൽ കുമാറിന്റെ ഫോണിൽ നിരന്തരം കോൾ വന്നുകൊണ്ടിരുന്നു. സുന്ദരിയായ ഒരു പെൺകുട്ടി കൈവശമുണ്ടെന്നായിരുന്നു സന്ദേശം. അക്രമികൾക്ക് നമ്പർ മാറിയതാണെന്ന് മനസിലാക്കിയ പൊലീസ് വേശ്യാലയം നടത്തിപ്പുകാരെന്ന വ്യാജേന ഇവരുമായി പണം സംബന്ധിച്ച് കരാർ ഉറപ്പിക്കുകയായിരുന്നു.
തുടർന്ന് യുവാക്കൾ അറിയിച്ചതിൻ പ്രകാരം വേഷം മാറിയ പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിൽ എത്തി. രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടിയെ കൈമാറാമെന്ന് യുവാക്കളിൽ ഒരാളായ അമൻ പൊലീസുകാരോട് പറഞ്ഞു. വരുന്ന ബുധനാഴ്ച ഗുഡ്ഗാവിലെ ഇഫ്കോ ചൗകിൽ വച്ച് കുട്ടിയെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ.അതനുസരിച്ച് പൊലീസ് സംഘം ഗുഡ്ഗാവിൽ എത്തിയെങ്കിലും അവസാന നിമിഷം യുവാക്കൾ പദ്ധതി മാറ്റുകയായിരുന്നു.
എന്നാൽ ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ പൊലീസ്, സ്ഥലത്തിന് പുറത്ത് യുവാക്കൾക്കായി കെണി ഒരുക്കിയിരുന്നു. ചെറിയ സംഘട്ടനം വേണ്ടി വന്നെങ്കിലും അക്രമികൾ ഇരുവരും പിടിയിലാവുകയായിരുന്നെന്ന് സെൻട്രൽ ഡൽഹി പൊലീസ് കമ്മീഷ്ണർ എം.എസ് രന്ദവ പറഞ്ഞു.
പെൺകുട്ടിയെ പ്രണയം നടിച്ചാണ് കടത്തികൊണ്ടുവന്നതെന്ന് യുവാക്കളിൽ ഒരാളായ അമൻ പൊലീസിനോട് സമ്മതിച്ചു. പ്രതിഫലമായി ലഭിക്കുന്ന പണം ഉപയോഗിച്ച് ബൈക്ക് വാങ്ങുകയായിരുന്നു ഉദ്ദേശമെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
0 comments:
Post a Comment