ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്നതിന് സോഷ്യല്‍മീഡിയയിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി മാധ്യമപ്രവര്‍ത്തക രോഹിണി സിങ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാധ്രയ്ക്കെതിരായ അഴിമതി വാര്‍ത്ത 2011ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ലെന്നു രോഹിണി ചൂണ്ടിക്കാട്ടി. അന്ന് ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് അമിത് ഷായുടെ മകന് ജെയ് അമിത്ഭായ് ഷാ മാനനഷ്ടക്കേസ് നല്‍കിയത്.
ജെയ് അമിത്ഭായ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണ് ‘ദ് വയര്‍’ വാര്‍ത്ത പുറത്തുവിട്ടത്. അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. രേഖകളനുസരിച്ച്, കാര്ഷികോല്പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്ക് 2013ല്‍ 6,230 രൂപയുടെയും 2014ല്‍ 1,724 രൂപയുടെയും നഷ്ടമുണ്ടായി.
2015ല്‍ വരുമാനം 50,000 രൂപ, ലാഭം 18,728 രൂപ. 2015-16ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയര്‍ന്നു. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ വര്‍ഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. വാര്‍ത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന് നല്കിയ മറുപടിയില്‍ കണക്കുകള്‍ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്ത നല്കിയാല് നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്കി.
0 comments:
Post a Comment