തിരിച്ചറിവ്
രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്...!
അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന് തീര്‍ന്നോന്ന്....!
മഴക്കാലത്ത് ഷര്‍ട്ടിന്റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോള്‍ അച്ഛനെന്നോട് പറഞ്ഞു , സൂക്ഷിച്ച് നടന്നാല്‍ ഹവായി ചെരുപ്പാണെങ്കിലും ഷര്‍ട്ടില്‍ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....!
കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞ് വിടും നേരം എന്റെ കയ്യില്‍ തരാന്‍ പോകുന്ന നോട്ടുകള്‍ക്കിടയില്‍ കണക്കില്‍ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാന്‍ അച്ഛന്‍ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി.
എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തില്‍ നിന്നും മത്തനില്‍ നിന്നും ചേനയില്‍ നിന്നും നൂറു ഗ്രാം വീതം മുറിച്ചെടുക്കുമ്പോള്‍ കടക്കാരന്റെ മുഖത്തൊരു പരിഹാസച്ചിരി വിരിയാറുണ്ടായിരുന്നു.
കണക്ക് കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താല്‍ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് അവിടെ നില്‍ക്കുന്ന സമയത്ത് മുട്ടായി ഭരണിയില്‍ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാന്‍.
ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോള്‍ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷര്‍ട്ടിന്റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു , വെവ്വേറെ നിറമുള്ള തുണിയായിരുന്നെങ്കില്‍ മക്കള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി , മാറ്റി ഉടുത്തൂടായിരുന്നോ എന്ന്.
അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും ഉത്തരം കിട്ടിയിരുന്നില്ല.....!
ആദ്യമായി ജോലിക്ക് പോവും നേരം ഞാനമ്മയുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.
അച്ഛനാ സമയം പറമ്പിലെന്തോ പണിയിലായിരുന്നു.
ഒരു ദിവസം കൊലായില്‍ കിടന്ന എന്റെ ഷൂവ് അച്ഛനെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു.
ജീവിതത്തില്‍ ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്റെ മുഖത്തപ്പോ കൗതുകമായിരുന്നു...!
ആദ്യത്തെ ശമ്പളം ഞാന്‍ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു.
അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളില്‍ പലപ്പോഴും മൂക സാക്ഷിയായി കൊലായില്‍ അച്ഛനിരിപ്പുണ്ടാവാറുണ്ട്.
മെല്ലെ മെല്ലെ അച്ഛന്റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയാരുന്നു.
കയ്യും കണക്കുമില്ലാതെ ഞാന്‍ വാങ്ങികൂട്ടിയ പച്ചകറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയില്‍ കിടക്കുന്നത് പതിവായിരുന്നു.
അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്ന അച്ഛന്‍ , പിന്നീട് ഒന്നും പറയാതെയായി.
പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബള്‍ബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛന്‍ പിന്നീടാ വഴി വരാതായി.
അച്ഛന്റെ ചിറകില്‍ നിന്ന് സ്വതന്ത്രനായ ഞാന്‍ ശരിക്കും വീട്ടു ഭരണം ആസ്വദിക്കുകയായിരുന്നു.
പതിയെ പതിയെ അച്ഛനാ വീട്ടില്‍ തീര്‍ത്തും മൗനിയായി മാറുകയായിരുന്നു.
ഒരു ദിവസം ഓഫീസില്‍ നിന്ന് എന്നെ കാണാന്‍ വന്ന സഹപ്രവര്‍ത്തകരുടെ അരികിലേക്ക് വിയര്‍പ്പ് മണക്കുന്ന ആ പുറം കീറിയ ഷര്‍ട്ടുമിട്ട് അച്ഛന്‍ പറമ്പില്‍ നിന്ന് വന്ന് സംസാരിച്ചത് എന്റെ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു.
രണ്ട് ദിവസം കഴിഞ്ഞ് ജനവാതിലിനരികില്‍ നില്‍ക്കും നേരം പറമ്പില്‍ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി.
പോയി നോക്കിയപ്പോള്‍ കണ്ടത് , തൂമ്പയുമായി ഇരുന്ന് തന്നെതാനെ സംസാരിക്കുന്നതാണ്.
പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു , അച്ഛനിപ്പോ രാത്രി ഉറക്കമില്ലെന്നും, അലമാരയില്‍ വച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും.
എല്ലാം പറഞ്ഞതിനൊടുവില്‍ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു , അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന്.
അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോള്‍ കേട്ടത് തൂമ്പ നിലത്ത് കൊത്തണ ശബ്ദമാണ്.
ചെന്ന് നോക്കിയപ്പോള്‍ കണ്ടത് , പറമ്പില്‍ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.
അകത്തേക്ക് കയറിയപ്പോള്‍ ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച് അച്ഛനെ ചൂണ്ടികാണിച്ച് പൊട്ടി കരഞ്ഞു.
സ്വന്തക്കാരില്‍ നിന്നും ബന്ധുക്കാരില്‍ നിന്നും അകന്ന് താമസിക്കുന്ന അച്ഛന്റെ ഒരേ ഒരു ചങ്ങാതി ശങ്കരേട്ടനോട് ഞാന്‍ വിവരങ്ങളെല്ലാം വിളിച്ച് പറഞ്ഞു.
പിറ്റേന്ന് വീട്ടിലേക്ക് വന്ന ശങ്കരേട്ടന്‍ അച്ഛന്റെ കൂടെ കുറേ നേരം ഇരുന്നു. അവര്‍ രണ്ടാളും കൂടി പറമ്പിലെല്ലാം നടന്നു. കുറേ നേരം സംസാരിച്ചു.
തിരിച്ച് പോവ്വാന്‍ നേരം ശങ്കരേട്ടനെന്റെ കൈ പിടിച്ച് കുറച്ച് ദൂരം നടന്നു.
ആരും അറിയാത്ത , ആരോടും പറയാത്ത എന്റെ അച്ഛന്റെ ഭൂതകാലം ശങ്കരേട്ടന്‍ എന്നോട് പറയുകയായിരുന്നു.
പോവ്വാന്‍ നേരം ശങ്കരേട്ടന്‍ ഇടറിയ ശബ്ദത്തോടെ പറഞ്ഞു , അവന്റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ് , ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ , അങ്ങനെ വന്നാല്‍ ഈശ്വരന്‍ പോലും പൊറുത്ത് തരില്ല ' എന്ന് .
ഒന്നും പറയാനാവാതെ ശങ്കരേട്ടന്‍ പോവുന്നതും നോക്കി ഞാന്‍ നിന്നു.
ഒരു ഷര്‍ട്ടിടാന്‍ മോഹിച്ചിട്ട് പട്ടാളക്കാരന്‍ കുഞ്ഞപ്പേട്ടന്റെ പഴയ ഷര്‍ട്ടൊരെണ്ണം ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്ത് നടന്നിട്ടുണ്ടത്രേ എന്റെ അച്ഛന്‍....!
വിശന്ന് വയറെരിഞ്ഞ് തളരും നേരം ആടിന് കൊടുക്കാനെന്നും പറഞ്ഞ് അയല്‍ വീട്ടീന്ന് കഞ്ഞി വെള്ളം വാങ്ങി കൊണ്ട് വന്ന് അതില്‍ കയ്യിട്ടിളക്കി അടിയില്‍ കിടക്കുന്ന വറ്റെടുത്ത് കുടിച്ച് വിശപ്പടക്കിയുണ്ടത്രെ എന്റെ അച്ഛന്‍.....!
അച്ഛനെ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയല്ലോന്നോര്‍ത്തപ്പോള്‍ എന്റെ മനസ്സ് നീറി പുകഞ്ഞു
അച്ഛനെ തിരഞ്ഞ് ഞാന്‍ അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല.
അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി . അവിടെയും കണ്ടില്ല.
ഒടുവില്‍ ഞാന്‍ പറമ്പിലേക്ക് നടന്നു.
അവിടെ കൊത്തി കിളയ്ക്കുന്നുണ്ടായിരുന്നു.
മെല്ലെ മെല്ലെ ഞാനച്ഛന്റെ അരികിലേക്ക് നടന്നു.
അയല്‍ക്കാരന്റെ പഴയ ഷര്‍ട്ട് വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട് തന്റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്റെ അരികിലേക്ക് നടക്കുമ്പോള്‍ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
അയല്‍ക്കാരന്റെ വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ഗതികേട് തന്റെ മക്കള്‍ക്ക് വരുത്താത്ത ആ അച്ഛന്റെ അരികിലേക്ക് നടക്കുമ്പോള്‍ എന്റെ തല കുറ്റബോധത്താല്‍ താഴുന്നുണ്ടായിരുന്നു.
അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാന്‍ ചേര്‍ത്ത് പിടിച്ചു.
തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ അച്ഛന്റെ മുന്നില്‍ ഞാന്‍ കൈക്കൂപ്പി നിന്ന് മാപ്പിരന്നു.
'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ' എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാനെന്റെ മുഖത്ത് വച്ചപ്പോള്‍ അച്ഛനാ കൈ എടുത്തെന്റെ മുടിയിലൂടെ തലോടി ചോദിച്ചു ,
' തലയില്‍ എണ്ണയൊന്നും ഇടാറില്ലല്ലേ , അതാണിങ്ങനെ മുടിയെല്ലാം പാറി പറന്ന് നില്‍ക്കുന്നതെന്ന് '
'അച്ഛാ ' , എന്ന് വിളിച്ച് ഞാന്‍ കെട്ടിപ്പിടിച്ച് പറഞ്ഞു , രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ എന്ന്.
ഒന്നും പറയാതെ അച്ഛനെന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .
തൂമ്പ ആ കയ്യില്‍ നിന്ന് വിടുവിപ്പിച്ച് ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി.
എനിക്കറിയാമായിരുന്നു , ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയാല്‍ എന്റെ അച്ഛന്റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്.
എനിക്കറിയാമായിരുന്നു, മക്കളാല്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്.
ഒരു കിണ്ണം കഞ്ഞിയെടുത്ത് കുമ്പിളില്‍ കോരി ആ വായയിലേക്ക് വച്ച് കൊടുക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു , അച്ഛന് മതി മോനേ , വയറ് നിറഞ്ഞെന്ന്.
അത് കേട്ട് ഞാനാ കാതില്‍ മെല്ലെ പറഞ്ഞു , മുഴുവന്‍ കഴിക്കച്ഛാ , ഇല്ലേല്‍ ബാക്കിയായ കഞ്ഞിയെന്നും പറഞ്ഞ് അമ്മ ആ തെങ്ങിന്‍ ചോട്ടില്‍ കൊണ്ട് പോയി കളയും ' എന്ന്.
അത് കേട്ട അച്ഛന്‍ ഓരോ കുമ്പിളും ആവേശത്തോടെ കോരി കുടിക്കാന്‍ തുടങ്ങി.......!
0 comments:
Post a Comment