സരിത എസ് നായരെപ്പോലെ കേരളത്തെ വിരല്‍തുമ്പിലിട്ട് വട്ടം കറക്കിയ ഒരു സ്ത്രീ ഇല്ല. സരിത എസ് നായര്‍ നടത്തിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍, ഒരു സ്ത്രീയ്ക്ക് ഇതൊക്കെ സാധിക്കുമോ എന്ന് അതിശയം കൊണ്ടവരുണ്ട്. തട്ടിപ്പില്‍ സരിത എസ് നായരെ കവച്ച് വെയ്ക്കും പൂമ്പാറ്റ സിനി. പല പേരുകളിലും വേഷത്തിലും പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് നടത്തുന്ന പൂമ്പാറ്റ സിനി ഗജകില്ലാഡിയാണ്. സിനിയും സംഘവും നടത്തിയ തട്ടിപ്പുകള്‍ ക്രൈം ത്രില്ലര്‍ സിനിമാ തിരക്കഥകളെ വെല്ലുന്നതാണ്.
ശ്രീജ, ശാലിനി, ഗായതി, മേഴ്സി.. സിനിയുടെ സംഘത്തിലുള്ളവരാണ് ഇവരെന്ന് കരുതേണ്ട. ഇതെല്ലാം ഒരാളാണ്. പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന തട്ടിപ്പുകാരി. സിനിലാലു എന്ന പൂമ്പാറ്റ സിനിയ്ക്ക് കൂട്ടായി തൃശൂര്‍ സ്വദേശി ബിജുവും അരിമ്പൂര്‍ സ്വദേശി ജോസുമുണ്ട്. മൂവരും ചേര്‍ന്ന് പദ്ധതിയിട്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്.
ജ്വല്ലറി ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് പൂമ്പാറ്റ സിനിയേയും കൂട്ടരേയും പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ഈ സംഘത്തിന്റെ പല തട്ടിപ്പ് കഥകളും പുറത്തായത്. ഒന്നും രണ്ടുമല്ല കോടികളാണ് പല വകയില്‍ ഇവര്‍ സമ്പാദിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനടക്കം കേസുണ്ട്.
തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയെ പൂമ്പാറ്റ സിനി വലയിലാക്കിയത് ഇങ്ങനെയാണ്. ആറ് മാസം മുന്‍പ് ഈ ജ്വല്ലറിയില്‍ നിന്നും ഒന്നരലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാണ് സിനി പണി തുടങ്ങിയത്. ബിസ്സിനസ്സുകാരിയാണ് എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടല്‍. കോവളത്തും കന്യാകുമാരിയിലും അടക്കം റിസോര്‍ട്ടുകള്‍ ഉണ്ടെന്ന് വരെ ജ്വല്ലറി ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. സ്വര്‍ണം വാങ്ങി ഉണ്ടാക്കിയെടുത്ത ബന്ധം പൂമ്പാറ്റ സിനി വെള്ളവും വളവും നല്‍കി വളര്‍ത്തി. നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ട് അടുപ്പം ഊട്ടിയുറപ്പിച്ചു. പലതവണ ജ്വല്ലറിയില്‍ നേരിട്ടെത്തിയും ബന്ധം പുതുക്കി. ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ജ്വല്ലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.
17 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മറ്റൊരു ജ്വല്ലറിയില്‍ പണയത്തിലുണ്ടെന്ന് സിനി ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. 17 ലക്ഷം കിട്ടിയാല്‍ ആ സ്വര്‍ണം തിരിച്ചെടുത്ത് ഇവിടുത്തെ ജ്വല്ലറിയില്‍ പണയം വെയ്ക്കാമെന്നും വിശ്വസിച്ചു. ഇത് വിശ്വസിച്ച് ജ്വല്ലറി ഉടമ 17 ലക്ഷം നല്‍കുകയും ചെയ്തു. തീര്‍ന്നില്ല. സ്വര്‍ണം പണയം വെച്ച ജ്വല്ലറിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നതായിരുന്നു അടുത്ത കഥ.
റെയ്ഡ് വന്നതോടെ തന്റെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് വീണ്ടും മൂന്ന് ലക്ഷത്തോളം രൂപയും 70 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളും സിനിയും സംഘവും തട്ടിയെടുത്തു. തൃശൂരിലെ ജ്വല്ലറി ഉടമയ്ക്ക് സംഭവിച്ചത് സിനിയുടെ തിരക്കഥകളിലെ നൂറിലൊന്ന് മാത്രമാണ്. എറണാകുളത്തെ ജ്വല്ലറി ഉടമയ്ക്ക് പോയത് 95 പവന്‍ സ്വര്‍ണമാണ്. വനിതാ പോലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തീര്‍ന്നില്ല. പുരാതനമായ നടരാജ വിഗ്രഹം എന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയത് 30 ലക്ഷമാണ്. ഇതേ വഴിയില്‍ കോടികള്‍ മൂല്യമുള്ള ഗണപതി വിഗ്രഹമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 11 ലക്ഷത്തോളമാണ്.
തൃശൂരിലെ ജ്വല്ലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി. നെടുമ്പാശ്ശേരി വഴി നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വില കുറച്ച് നല്‍കാം എന്ന് പറഞ്ഞ് പലരില്‍ നിന്നും തട്ടിയെടുത്തത് 25 ലക്ഷം. സ്ഥലം വില്‍ക്കാനുണ്ടെന്നും ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഭാര്യയെന്നും പറഞ്ഞ് തട്ടിയെടുത്തത് 15 ലക്ഷം. അശ്ലീല കഥകളുമുണ്ട് സിനിയുടെ തട്ടിപ്പ് ജീവിതത്തില്‍. ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി അടുത്ത സിനി ഇയാളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 50 ലക്ഷം രൂപയായിരുന്നു. ഈ റിസോര്‍ട്ട് ഉടമ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു. കൊള്ളയടിച്ച പണം ഇവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിച്ചിരിക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്.
ഇങ്ങനെ പോകുന്നു പൂമ്പാറ്റ സിനിയുടെ തട്ടിപ്പ് കഥകള്‍. നാളുകളായി തട്ടിപ്പ് നടത്തി ഈ സംഘം സമ്പാദിച്ചത് കോടികളാണ്. ഈ പണം കൊണ്ട് ആഡംബര ജീവിതമാണ് സിനിയും കൂട്ടരും നയിക്കുന്നത്.തട്ടിപ്പ് പുറത്ത് പറയാതിരിക്കാന്‍ വീട്ടിലെ ജോലിക്കാര്‍ക്ക് നല്‍കുന്നത് പതിനായിരങ്ങളാണ്. താമസം വന്‍കിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. കറക്കം ലക്ഷങ്ങളുടെ കാറുകളില്‍.
0 comments:
Post a Comment