രാജവെമ്പാല എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും പറയുന്നത് പാമ്പുകളുടെ രാജാവെന്നാണ്. മറ്റു പാമ്പുകളില്‍ നിന്ന് വലിപ്പത്തിലും മറ്റും വ്യത്യാസവും, അതിന്റെ വംശത്തില്‍ നിന്നുതന്നെ ഭക്ഷണമാക്കുന്ന ശീലക്കാരനുമായത് കൊണ്ടൊക്കെയാണ് ഈ പേര് കിട്ടിയത്. വലിപ്പത്തില്‍ രാജവെമ്പാലയെ മറികടക്കുന്ന രണ്ടേരണ്ടു പാമ്പുകളേ ലോകത്തുള്ളൂ. പെരുമ്പാമ്പും, അനക്കോണ്ടയും. ഇവയില്‍ അനക്കോണ്ട തെക്കേ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നാട്ടിലെ രാജവെമ്പാലയുമായി വലിയ മല്‍പ്പിടിത്തത്തിനു വഴിയില്ല. എന്നാല്‍ വിശപ്പു സഹിക്കാതായാല്‍ വലുതെന്നോ ചെറുതെന്നോ നോക്കാതെ ഒരു പെരുമ്പാമ്പിനെ കൈപിടിയിലാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് തായ്ലന്‍ഡില്‍ നിന്നൊരു രാജവെമ്പാല.
17 അടി നീളമുള്ള രാജവെമ്പാലയെയാണ് തായ്ലന്‍ഡിലെ ഒരു റിസോര്‍ട്ടിനു സമീപം കണ്ടെത്തിയത്. പെരുമ്പാമ്പിനെ പിടികൂടി വിഴുങ്ങാന്‍ തയ്യാറെടുക്കുന്ന നിലയിലായിരുന്നു രാജവെമ്പാല. ഏതാണ്ട് 7 അടിയോളം നീളമുണ്ടായിരുന്നു ഈ പെരുമ്പാമ്പിന്. തന്നെ തിന്നാതിരിക്കാന്‍ രാജവെമ്പാലയുടെ തലയില്‍ ചുറ്റിക്കിടക്കുന്ന രീതിയിലായിരുന്നു പെരുമ്പാമ്പ്. എന്നാല്‍ രാജവെമ്പാലയുടെ വിഷമേറ്റ് പെരുമ്പാമ്പ് തളര്‍ന്നിരുന്നു. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ രണ്ടു ജീവികളും അവശനിലയിലായിരുന്നു.
മൂന്നു മണിക്കൂറിനു ശേഷം രക്ഷാപ്രവര്‍ത്തകരെത്തിയപ്പോഴേക്കും പെരുമ്പാമ്പിനെ ഉപേക്ഷിച്ച് ഒരു പനയുടെ ചുവട്ടില്‍ പിണഞ്ഞു കിടക്കുന്ന രീതിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ആളുകള്‍ കൂടിയതോടെയാകാം രാജവെമ്പാല ഇരയെ ഉപേക്ഷിച്ചതെന്നാണു കരുതുന്നത്. പെരുമ്പാമ്പിനെ ചത്ത നിലയില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.
അഞ്ചംഗ രക്ഷാസംഘം ഏറെ പണിപ്പെട്ടാണ് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് പാമ്പിനെ കൂട്ടിലാക്കി വൈകുന്നേരത്തോടെ കാട്ടിലേക്ക് സ്വതന്ത്രമാക്കി വിടുകയും ചെയ്തു. 18 അടി വരെ നീളം വയ്ക്കുന്നവയാണ് രാജവെമ്പാലകള്‍. 22 അടി നീളമുള്ള രാജവെമ്പാലയെ വരെ കര്‍ണ്ണാടകയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളിലുമാണ് രാജവെമ്പാലയെ കൂടുതലായും കണ്ടു വരുന്നത്.
0 comments:
Post a Comment