#അവളോടൊപ്പം_ഇത്തിരിനേരം
കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിൽ ആണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടി മെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആ മുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്…..
“പടച്ചോനേ… ഇവൾക്കിത് ഇത്രേം മൊഞ്ചുണ്ടായിരുന്നോ ”
ഓളെ കണ്ട ഉടനേ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി…
അല്ലേലും ഈ പിങ്ക് കളറും വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷനാണ്….
ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണുകിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്ര ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം…
വേറൊന്നുമല്ല… ഓൾക്ക് പണ്ട് കോലൻ മുടി ആയിരുന്നു….
ഓളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ ഏറുകണ്ണിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരം പെട്ടെന്ന് തിരിഞ്ഞു നോക്കിയത്….
ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്….
ആകെ ചമ്മിപ്പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോണ്ടുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്ന് ഇരുന്നു…
ഇരുന്ന ഉടനേ തന്നെ കുണ്ടിക്ക് ഐസ് വച്ചതുപോലെ പെട്ടെന്നൊരു തണുപ്പ് അരിച്ചു കയറി മണ്ടയിൽ ചെന്ന് നിന്നപ്പോൾ ഞെട്ടിച്ചാടി എണീറ്റു നോക്കുമ്പോൾ കണ്ട കാഴ്ച…
ഏതോ പണ്ടാരക്കുരിപ്പ് കൊണ്ടുവച്ച ജ്യുസ് നിറച്ച ഡിസ്പോസിബിൾ ഗ്ലാസിന്റെ മുകളിൽ ആയിരുന്നു ചെന്നിരുന്നത് എന്ന് ചളുങ്ങിയ പ്ലാസ്റ്റിക് ഗ്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടി…
പിന്നെ നേരെ മൂട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീനായിക്കിടക്കുകയാണ്…
വേഗം കർചീഫ് കൊണ്ട് മൂട് തുടക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ആ സമയത്താണ് നേരത്തെ മ്മള് നോക്കിയ കുരുപ്പിന്റെ കാര്യം ഓർമ്മ വന്നത്…
നൈസായി അങ്ങോട്ട് നോക്കിയപ്പോൾ ഓള് നിന്നിടത്ത് തന്നെ നിന്ന് ഒച്ച പുറത്ത് വരാതിരിക്കാൻ വേണ്ടി കണ്ണും മൂക്കും ഒക്കെ പൊത്തിപ്പിടിച്ചു ചിരിയെടാ ചിരി ആണ്…
അതിനിടയ്ക്ക് പുറകിൽ നിന്നും ആരോ പാന്റിൽ പിടിച്ചു വലിക്കുന്നതുപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞിപ്പാത്തുമ്മ..
മാലാഖമാർ ഇടുന്ന ടൈപ്പ് അടുക്കടുക്കായി തൂവലുകൾ തുന്നിപ്പിടിപ്പിച്ചതുപോലുള്ള ഓളുടെ കുഞ്ഞുടുപ്പും വട്ട മുഖവും തിളങ്ങുന്ന കണ്ണുകളും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു ഓമനത്തം തോന്നിപ്പോയി…
“എന്താ മോളൂസേ ”
എന്ന് ചോദിച്ചപ്പോൾ ഓള് ഓളുടെ കുഞ്ഞിക്കണ്ണുകൾ നന്നായി വിടർത്തിപ്പിടിച്ചു കിന്നരിപ്പല്ലുകൾ കാണിച്ചു വെളുക്കെ ചിരിച്ചുകൊണ്ട് ഒരൊറ്റ ചോദ്യമായിരുന്നു…
“മാമന് കൊറവില്ലേ.. ഇത്ര വെലിപ്പം വച്ചിട്ടും കുഞ്ഞിക്കുട്ടികളെപ്പോലെ പാന്റിൽ അപ്പി ഇടാൻ ” എന്ന്…
മാലാഖയുടെ ഡ്രസ്സ് ഇട്ടു വന്ന ആ കുട്ടിപ്പിശാചിനോട്
“അപ്പി ഇട്ടത് അന്റെ വാപ്പ ആണ് കുരിപ്പേ ”
എന്ന് പറയാനാണ് ആദ്യം മനസ്സിൽ വന്നത്…
പിന്നെ കല്യാണവീട് ആയതുകൊണ്ട് തൽക്കാലത്തേക്ക് മൗനം പാലിച്ചുകൊണ്ട് അവിടുന്നും മെല്ലെ സ്കൂട്ട് ആയി…
നിർത്തിയിട്ട ബുള്ളറ്റിന്റെ അടുത്തു പോയി മൂട്ടിലെ നനവ് പോകുമോ എന്നറിയാൻ വേണ്ടി കയ്യിലിരുന്ന കർചീഫ് കൊണ്ട് നന്നായി അമർത്തി തുടച്ചു…
കുറേശെ പോകുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ മറ്റെല്ലാം മറന്നു കർചീഫ് കൊണ്ട് നല്ല വിശാലമായിത്തന്നെ തുടച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ്
ശ് ശ്… ന്നൊരു ശബ്ദം കേട്ടത്…
പടച്ച റബ്ബേ വല്ല കരിമൂർഖനും ആണോന്ന് പേടിച്ച് ഞെട്ടിച്ചാടി പുറകിലേക്ക് തിരിഞ്ഞപ്പോൾ മ്മളെ തൊട്ടു മുന്നിൽ നേരത്തെ കണ്ട അതേ സാധനം…
കരിമിഴിക്കണ്ണുകൾ കൊണ്ട് എന്റെ കണ്ണുകളിലേക്ക് എന്തോ ആഴ്ത്തി ഇറക്കുന്നതുപോലെ തോന്നിയപ്പോൾ കണ്ണുകൾ പെട്ടെന്ന് പിൻവലിച്ചു….
“ഇങ്ങക്ക് ഇപ്പളും ഒരു മാറ്റവും ഇല്ല ലേ… പഴയ മണ്ടത്തരങ്ങളും കണ്ണും മൂക്കും ഇല്ലാത്ത കളിയും ഒക്കെ അതുപോലെത്തന്നെ ഉണ്ട് “..
മുഖവുര ഒന്നുമില്ലാത്ത അവളുടെ സംസാരം കേട്ടപ്പോൾ…
“അതൊന്നും ഇയ്യ് നോക്കണ്ട… മ്മള് തമ്മിൽ ഉള്ളതൊക്കെ എന്നോ തീർന്നതാണ് ”
എന്ന് പറഞ്ഞു അവളെ ഒഴിവാക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഓള് ഒഴിഞ്ഞു പോകാതെ അവിടെത്തന്നെ നിന്നു…..
അപ്പോഴും അവളുടെ നോട്ടം എന്റെ കണ്ണുകളിലേക്ക് തന്നെ ആയിരുന്നു…
എത്ര വേണ്ടെന്ന് വച്ചിട്ടും എനിക്കും അങ്ങോട്ട് നോക്കാതിരിക്കാൻ പറ്റിയില്ല….
കണ്ണുകളിലൂടെ പരസ്പരം കൈമാറാൻ ഒരുപാട് കഥകളുണ്ടായിരുന്നു ഞങ്ങൾക്ക്….
ഒരുപാട് സ്നേഹം കൂടുമ്പോൾ പാച്ചു എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ സ്വന്തം ഫസീല…
ഒരു പെണ്ണുകാണൽ ചടങ്ങിൽ വച്ചാണ് അവളെ ആദ്യമായി കണ്ടുമുട്ടിയത്…
അവളുടെയും എന്റെയും ആദ്യത്തെ പെണ്ണുകാണൽ..
ഒറ്റ നോട്ടത്തിൽ തന്നെ അല്പം മെല്ലിച്ചു ചുണ്ടുകളിൽ പുഞ്ചിരിയും കണ്ണുകളിൽ നാണവും ഒളിപ്പിച്ചുവച്ച ആ മൊഞ്ചിന്റെ കട്ടയെ എനിക്ക് പെരുത്ത് ഇഷ്ടമായി….
ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ആദ്യം വായിൽ നിന്നും വീണത് “ഇഷ്ടമായോ ” എന്ന ഒരൊറ്റ ചോദ്യമായിരുന്നു…
അതുവരെ അവൾക്ക് എന്നെയും എനിക്ക് അവളെയും അറിയില്ല എന്നതുകൊണ്ട് മറുപടി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഉടനേ അവളുടെ മറുപടി വന്നു…
“മ്മ്…ഇഷ്ടായി ” എന്ന്…
അത് കേട്ടതോടെ ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ച പ്രതീതി ആയിരുന്നു…
പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..
പുറത്തിറങ്ങിയ ഉടനേ തന്നെ ബ്രോക്കർ അലവിക്കാനോട് ഉറപ്പിച്ചോളാൻ പറഞ്ഞു…
തിരിച്ചു പോകുന്ന സമയത്ത് ന്റെ മുഖത്തുള്ള ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലുള്ള ഭാവം കണ്ടിട്ടാവണം.. ബ്രോക്കർ അലവിക്കാ
“അധികം തുള്ളാൻ നിക്കണ്ട… ഓലെ ഭാഗത്ത് നിന്നും അന്വേഷണം ഒക്കെ ഉണ്ടാവും.. അത് കഴിഞ്ഞിട്ട് മതി തുള്ളൽ ”
എന്നൊരു താക്കീതും തന്നു…
അപ്പോഴാണ് അക്കാര്യത്തെക്കുറിച്ചു ചിന്തിച്ചത്…
നാട്ടിൽ ആണേൽ വൈരാഗ്യക്കാർക്ക് യാതൊരു കുറവും ഇല്ല താനും…
പിന്നീടങ്ങോട്ട് കുറച്ചു ദിവസങ്ങൾ മുള്ളിന്റെ മുകളിൽ നിൽക്കുന്ന പ്രതീതി ആയിരുന്നു..
പേടിച്ചതുപോലെ ഒന്നും സംഭവിച്ചിട്ടില്ല…
അലവിക്കാ തന്നെ ആണ് ആ സന്തോഷവാർത്ത ഫോൺ ചെയ്തു അറിയിച്ചതും…
അതിന് ശേഷം ഞാനും പാച്ചുവും പരസ്പരം അറിഞ്ഞുതുടങ്ങി…
അവളുടെ കാന്താരി സ്വഭാവം എനിക്കും എന്റെ മണ്ടത്തരങ്ങൾ അവൾക്കും പെരുത്ത് ഇഷ്ടമാകാൻ അധികദിവസങ്ങൾ വേണ്ടി വന്നിട്ടില്ല…
കല്യാണത്തിന്റെ തലേ ദിവസം പുലർച്ചെ വരെ നീണ്ട ഉറക്കമില്ലാത്ത രാത്രികളിലെ ഫോണിലൂടെ ഉള്ള കുറുകലുകൾക്കൊടുവിൽ അവൾ എനിക്കും ഞാൻ അവൾക്കും സ്വന്തമായി…
കൂട്ടിനൊരു പെണ്ണും തണുപ്പുള്ള രാത്രികളും പരസ്പരം കടിച്ചു തിന്നാനുള്ള പ്രണയവും ഈ ദുനിയാവിലെ മറ്റ് കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയമില്ലായ്മയും ഉണ്ടെങ്കിൽ അവിടെയാണ് സ്വർഗ്ഗം എന്ന് നിങ്ങള് കേട്ടിട്ടില്ലേ…
അത് തന്നെ സംഭവം..
ഒടുവിൽ പ്രണയിച്ചു കൊതി തീരാതെ കരഞ്ഞു തളർന്ന കണ്ണുകളോടെ എയർപോർട്ട് വരെ എന്റെ ചുമലിൽ തല ചായ്ച്ചു പോവരുതേ എന്ന് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചുകൊണ്ട് കണ്ണുകൾ കൊണ്ട് കണ്ണുകളിലേക്ക് നോക്കി മൗനമായി പറഞ്ഞ പെണ്ണിനെ അതിന് ശേഷം കാണുന്നത് ഇപ്പോൾ ഇങ്ങനൊരു അവസ്ഥയിൽ ആണ്…
“ഇപ്പളും എന്നോട് ഇങ്ങക്ക് ദേഷ്യമുണ്ടോ.. പറയാതെ ഇറങ്ങിപ്പോയതിന് ”
പാച്ചുവിൻറെ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്….
“എന്തിന്… ന്റെ ഭാഗത്തും തെറ്റുണ്ട്… ഇയ്യ് ചോദിക്കാതെയും പറയാതെയും എങ്ങോട്ടോ ഇറങ്ങിപ്പോയി ന്ന് ഉമ്മ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ നിന്നെ വിളിച്ചു നിനക്ക് പറയാനുള്ളത് കേള്ക്കാൻ പോലും നിൽക്കാതെ തൊള്ളേൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞത് ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം “..
എന്നൊരു കുറ്റസമ്മതം നടത്താൻ ശ്രമിച്ചപ്പോൾ
“മ്മ്… പക്ഷേ. ഇങ്ങള് അന്നേരത്തെ ദേഷ്യത്തിന് അങ്ങനെ വിളിച്ചുപറഞ്ഞു ന്ന് വച്ച് അത് ഉപ്പാനോടും ഇക്കാനോടും ഒക്കെ പറഞ്ഞു വല്യ പ്രശ്നം ആക്കാതെ ഇങ്ങളെ ദേഷ്യം ഒന്ന് ആറുന്നത് വരെ ഇനിക്ക് കാത്തിരിക്കായിരുന്നു “..
എന്ന് പറഞ്ഞുകൊണ്ട് എല്ലാ കുറ്റങ്ങളും അവൾ സ്വയം ഏറ്റെടുത്തു…
ന്നാ പിന്നെ കുറ്റം മ്മളെ സ്വന്തം ഉമ്മാന്റെ തലയിൽ കെട്ടിവെക്കാം എന്നൊരു ദുരുദ്ദേശത്തോടെ
“നിന്റെ ഇക്കാക്ക് പെണ്ണ് കാണാൻ വേണ്ടി ആണ് ഇയ്യ് പോയത് ന്ന് ഉമ്മ ന്നോട് പറഞ്ഞില്ല ”
എന്ന് പറഞ്ഞപ്പോൾ
“അല്ലേലും ഉമ്മാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല… ഇങ്ങളോട് വിളിച്ചു പറഞ്ഞിട്ട് സമ്മതം വാങ്ങി പൊയ്ക്കോളാൻ ഉമ്മ പറഞ്ഞതായിരുന്നു ”
എന്ന് പറഞ്ഞുകൊണ്ട് ഓള് വീണ്ടും എന്നെ തോൽപ്പിച്ചു…
“അന്നേരം ന്റെ സിം കട്ടായിക്കിടക്കുകയായിരുന്നില്ലേ… അനക്കെങ്ങനെ ന്നെ വിളിച്ചാൽ കിട്ടും ”
എന്ന് പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ചെക്ക് വച്ചു…
“അല്ലേലും വെറുമൊരു പെണ്ണുകാണൽ അല്ലേ.. കല്യാണം ഒന്നും അല്ലല്ലോ… പോകാണ്ടിരുന്നാൽ മതിയായിരുന്നു ”
എന്നൊരു മറുപടി തന്നുകൊണ്ട് ഓള് ന്നെ വീണ്ടും മലർത്തിയടിച്ചു….
ഇതൊക്കെക്കൂടി കേട്ടപ്പോൾ ഒന്നുമില്ലാത്തൊരു കാര്യം എങ്ങനെ ഇത്ര കോമ്പ്ലിക്കേറ്റഡ് ആയി ഡൈവോഴ്സിൽ എത്തി നിൽക്കുന്നു എന്നോർത്തപ്പോൾ എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിപ്പോയി…..
“ഇതൊക്കെ മ്മള് രണ്ടു കൊല്ലം മുന്നേ പരസ്പരം തുറന്നു സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന സീൻ ആയിരുന്നു.. ലേ ”
എന്ന് ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ നാണവും ചുണ്ടുകളിലെ ആളെ മയക്കുന്ന പുഞ്ചിരിയും മെല്ലെ മിന്നിമറഞ്ഞു..
ന്നാ പിന്നെ ഓളെത്തന്നെ വീണ്ടും കെട്ടിയാലോ എന്നൊരു ചിന്ത മനസ്സിൽ അറിയാതെ പൊട്ടി മുളച്ചു തുടങ്ങുന്ന സമയത്ത് തന്നെ ഓളെ മറുപടിയും വന്നു…
“ആ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. അടുത്ത മാസം ന്റെ കല്യാണം ആണ്… അത് പറയാൻ വേണ്ടി ആണ് ഞാൻ കാര്യായിട്ട് വന്നത് തന്നെ ”
അത് കേട്ടതോടെ ആകെക്കൂടി ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്തി ചോറില്ല എന്ന് പറഞ്ഞതു പോലായി എന്റെ അവസ്ഥ…
“ആഹ.. പുത്യാപ്ല എന്ത് ചെയ്യുന്നു ”
എന്ന് മുഖത്തൊരു പുഞ്ചിരി വാരിത്തേച്ചു ചോദിച്ചെങ്കിലും എന്റെ കണ്ണുകളിൽ നിഴലിച്ചു നിന്ന നിരാശ അവളും കണ്ടിട്ടുണ്ടാവണം…
“ഇങ്ങളെപ്പോലെ രണ്ടു കൊല്ലം കൂടുമ്പോൾ നാട്ടിൽ വരുന്ന പ്രവാസി ഒന്നും അല്ല… വില്ലേജോഫീസിൽ ക്ലർക്ക് ആണ്… സർക്കാർ ജോലി ”
അയ്യേ… ക്ലർക്ക് ആയിരുന്നോ.. പറഞ്ഞു വന്നപ്പോൾ ഞാൻ കരുതി വില്ലേജോഫീസർ ആണെന്ന് എന്നാണ് മനസ്സിൽ വന്നതെങ്കിലും…
“ന്നാ ശരി.. കല്യാണത്തിന് ഞാൻ എന്തായാലും വരാം ”
എന്ന് പറഞ്ഞപ്പോൾ
“ഇങ്ങള് വരണം ന്നൊന്നും ഇല്ല… ഇങ്ങളെ സമ്മതം ണ്ടായാൽ മതി ”
എന്ന് പറഞ്ഞുകൊണ്ട് ഓള് വീണ്ടും ഞമ്മളെ നെഞ്ചത്ത് തന്നെ അമ്മിക്കല്ലു കയറ്റി വച്ചു…
അതോടെ ആകെ ചമ്മി നാറി
“ഇനി ഇവിടെ നിന്നാൽ ശരിയാവൂല… മ്മക്ക് പിന്നീടെപ്പോഴെങ്കിലും കാണാതിരിക്കാം.. ട്ടോ ”
എന്ന് പറഞ്ഞു ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്യാൻ നേരത്ത് റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ ഓള് കയ്യും കെട്ടി നോക്കി നിൽക്കുന്നത് കാണാൻ പറ്റി…
അപ്പോൾ അവളുടെ കണ്ണുകളിൽ പണ്ട് പെണ്ണ് കാണാൻ ചെന്നപ്പോൾ കണ്ട ആ നാണം ഇല്ലായിരുന്നെങ്കിലും അന്നൊരിക്കൽ നട്ടപ്പാതിരാത്രിക്ക് ഇടിവെട്ടി പെരുമഴ പെയ്യുന്ന സമയത്ത്
“ഇക്കാ… എണീക്ക്.. മ്മക്ക് ഒരുമിച്ചു പുറത്തിറങ്ങി പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് മഴ നനയാം ”
എന്നും പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോകുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട അതേ തീക്ഷ്ണത എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു…
(അന്ന് പുറത്തിറങ്ങി മഴ കൊണ്ട് ജലദോഷം പിടിച്ചു പണ്ടാരമടങ്ങിയത് വേറെ കാര്യം….)
ഏതായാലും അവളുടെ ആ നോട്ടം കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു കുറുമ്പ് തോന്നി….
“അല്ലെടീ… ഞാൻ ഒന്നുടെ വന്ന് പെണ്ണ് ചോദിച്ചു നോക്കട്ടെ ”
എന്നങ്ങു കാച്ചി….
“ആ.. പെണ്ണ് ചോദിക്കാൻ അങ്ങോട്ട് വന്നേച്ചാലും മതി… ന്റെ വാപ്പാനെയും ഇക്കാനെയും വിളിച്ചു ഇങ്ങള് പാടിയ ഭരണിപ്പാട്ടൊന്നും അവര് മറന്നിട്ടുണ്ടാവൂല…
ഇങ്ങളെ കയ്യും കാലും കൊത്തിമുറിച്ചു അടുപ്പിലിട്ടിട്ടാവും ഓല് ന്റെയും ന്റെ പുത്യേ പുത്യാപ്ലന്റെയും കല്യാണത്തിനുള്ള കോഴിബിരിയാണി ഉണ്ടാക്കുന്നത് ”
എന്ന് പറഞ്ഞതോടെ ഞാൻ വീണ്ടും ചമ്മി…
പിന്നെ കയ്യും കാലും ഇല്ലാതെ നടക്കുന്നത് കാണാൻ വല്യ മൊഞ്ചൊന്നും ഉണ്ടാവൂല എന്ന് അറിയാവുന്നതുകൊണ്ട്…
“ന്നാ ശരി ട്ടോ… ഇനീം വർത്താനം പറഞ്ഞു നിന്നാൽ ശരിയാവൂല…. അപ്പൊ എല്ലാവിധ ആശംസകളും… ഇയ്യ് പൊളിക്ക് ”
എന്ന് പറഞ്ഞിട്ട് വണ്ടി ഗിയറിലേക്ക് തട്ടി മുന്നോട്ട് എടുക്കാൻ നേരത്ത് അവൾ എന്റെ ഷർട്ടിൽ കയറി ഒരൊറ്റ പിടുത്തം ആയിരുന്നു…
പണ്ടാരം പഴയ വൈരാഗ്യത്തിന് വണ്ടിയിൽ നിന്നും വീഴ്ത്തി കൊല്ലാനുള്ള പരിപാടി ആണോ എന്നോർത്ത് വണ്ടി എങ്ങനെയോ ബാലൻസ് ചെയ്തു നിർത്തി ഓളെ മുഖത്തേക്ക് നോക്കിയപ്പോൾ..
“വേറൊരു ഐഡിയ ഉണ്ട്… മ്മക്ക് രണ്ടാൾക്കുംകൂടി ഒളിച്ചോടിയാലോ “..
എന്നൊരൊറ്റ ചോദ്യമായിരുന്നു…
കേട്ടത് വിശ്വസിക്കണോ.. ഇനി വിശ്വസിച്ചാലും കുറച്ചു കഴിഞ്ഞു ഓളെ മനസ്സ് മാറിയാലോ എന്നൊക്കെ ഉള്ള സംശയവും അമ്പരപ്പും ഒക്കെ വിട്ടു മാറുന്നതിനു മുന്നേ തന്നെ…
“അങ്ങനാണേൽ ഇപ്പൊ പോണ്ടി വരും… നാളെ എനിക്ക് ഒഴിവില്ല… ഐഎസ്എൽ തുടങ്ങുകയാണ് ”
എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ ഓള് ഒറ്റ ചാട്ടത്തിനു ബുള്ളറ്റിന്റെ ബാക്ക്സീറ്റിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു….
അങ്ങനെ കാറ്റും കൊണ്ട് ഊട്ടിയുടെ തണുപ്പും തേടി പോകുന്ന പോക്കിനിടയിൽ
“ന്റെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു ആരുടെയെങ്കിലും കൂടെ ഒളിച്ചോടണം ന്ന്… അങ്ങനെ അതും സാധിച്ചു ചിലപ്പൊ ന്റെ ഈ ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടി ആവും പടച്ചോൻ മ്മളെ രണ്ടാളെയും കുറച്ചുകാലം പിരിച്ചു നിർത്തിയത് അല്ലേ ഇക്കാ..”
എന്ന് പറഞ്ഞുകൊണ്ട് ഓള് ന്നെ ഒന്നൂടെ ഇറുകെ പിടിച്ചു…
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… എല്ലാരും ഒളിച്ചോടി കല്യാണം കഴിക്കാറല്ലേ പതിവ്… കല്യാണം കഴിച്ചിട്ട് ഒളിച്ചോടുന്ന ആദ്യത്തെ കമിതാക്കൾ മ്മള് രണ്ടാളും ആയിരിക്കും… ”
എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുടെ വേഗത അല്പം കൂട്ടിക്കൊണ്ട് പാച്ചുവിനോടൊപ്പമുള്ള ഒരിക്കലും പിരിയില്ലെന്ന് അനുഭവം കൊണ്ട് മനസ്സിൽ ഉറപ്പിച്ച രണ്ടാം ജീവിതത്തിലേക്ക് കുതിക്കുകയായിരുന്നു ഞാനും എന്റെ ബുള്ളറ്റും…